തൃശൂർ: സാംസ്‌കാരിക വകുപ്പിന് കീഴിലെ തൃശൂർ ജവഹർ ബാലഭവൻ ജീവനക്കാർക്ക് കുടിശ്ശിക ശമ്പളത്തിന് ഇനിയും കാത്തിരിക്കണം. ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തപ്പോൾ നടന്ന ചർച്ചയിൽ രണ്ട് മാസത്തെ നൽകാൻ ധാരണയായി. ബാക്കി ആറ് മാസത്തേതിന് അഡീഷണൽ ഗ്രാന്റ് അനുവദിക്കണം. ഇതിന് 25 ലക്ഷത്തിന്റെ പ്രൊപ്പോസൽ നൽകി അനുവദിക്കുമ്പോൾ മാത്രമേ ലഭിക്കൂ.
സംസ്‌കാരിക വകുപ്പ് സെക്രട്ടറി, കളക്ടർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ 5.8 ലക്ഷം അനുവദിക്കാൻ ധാരണയായി. രണ്ട് മാസത്തെ ശമ്പളം നൽകാൻ ഇത് പോര. ബാക്കി തുക ബാലഭവന്റെ തനത് ഫണ്ടിൽ നിന്നെടുക്കാൻ ധാരണയായെങ്കിലും നിലവിൽ എടുത്തിരിക്കുന്നത് കൂടുതലാണെന്ന നിലപാടായിരുന്നു കളക്ടർക്ക്. തുടർന്ന് മന്ത്രി കെ. രാജൻ കളക്ടറുമായി സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
സംസ്ഥാനത്ത് സാംസ്‌കാരിക വകുപ്പിന് കീഴിൽ അഞ്ച് ബാലഭവനുകളുള്ളതിൽ തൃശൂർ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. തിരുവനന്തപുരത്ത് പ്രശ്‌നമില്ല. കോട്ടയത്ത് ഗ്രാന്റ് മതിയാകുന്നുണ്ട്. തൃശൂരിന് ലഭിക്കുന്ന 17 ലക്ഷം വാർഷിക ഗ്രാന്റ് പോര. നിലവിൽ ഓഡിറ്റോറിയം വാടകയും കുട്ടികളുടെ ഫീസുമാണ് വരുമാനം. 2018ലെ ശമ്പള പരിഷ്‌കരണപ്രകാരമുള്ള ആനുകൂല്യങ്ങളും മറ്റും നൽകണമെങ്കിൽ 50 ലക്ഷം വേണം.
കമ്മിറ്റി നോക്കുകുത്തി
ഏറ്റവും കൂടുതൽ കുട്ടികളുള്ള തൃശൂർ ബാലഭവനിൽ തദ്ദേശസ്ഥാപന പ്രതിനിധികളും കളക്ടറും സർക്കാർ നോമിനികളും ഉൾപ്പെടെ 32 പേരുള്ള മാനേജ്‌മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. കളക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയർമാനും മേയറും എം.എൽ.എയും എം.പിയും അംഗങ്ങളുമാണ്. സാംസ്‌കാരിക വകുപ്പ് ഡയറക്ടർക്കാണ് എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതല. ദൈനംദിന ഭരണച്ചുമതലയ്ക്ക് പുറമെ ശമ്പളത്തിനുള്ള 20 ശതമാനം കണ്ടെത്താനും ഇവർക്ക് ബാദ്ധ്യതയുണ്ട്.
തൃശൂർ ബാലഭവൻ
കുട്ടികൾ 400
സ്ഥിരം ജീവനക്കാർ 11
താത്കാലികം 9
ഫീസ് (ഒരു മാസം)
കുട്ടികൾക്ക് 200
മുതിർന്നവർക്ക് 500