അന്തിക്കാട്: കാലം ആവശ്യപ്പെടുന്നത് കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ഐക്യത്തേയുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷം ആദ്യമായി അന്തിക്കാട് ചടയൻമുറി സ്മാരകത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ നാം ഹൃദയത്തോട് ചേർത്ത് പിടിക്കണം. അന്തിക്കാട് സെന്ററിൽനിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ പൊന്നാട ചാർത്തിയാണ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്. പ്രകടനമായി സംസ്ഥാന സെക്രട്ടറിയെ ചടയൻമുറി രക്തസാക്ഷി സ്മാരകത്തിലേക്ക് ആനയിച്ചു. തുടർന്ന് ബിനോയ് വിശ്വം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പചക്രം അർപ്പിച്ചു. രക്തസാക്ഷി സ്മാരക വളപ്പിൽ ഫലവൃക്ഷത്തൈ നട്ടു. സ്വീകരണ യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന എക്‌സികൂട്ടീവ് അംഗം സി.എൻ. ജയദേവൻ, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ, റവന്യൂ മന്ത്രി കെ. രാജൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ , സി.സി. മുകുന്ദൻ, വി.ആർ. സുനിൽ കുമാർ, കെ.പി. സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, പി.കെ. കൃഷ്ണൻ, ഷീന പറയങ്ങാട്ടിൽ, സി.ആർ. മുരളീധരൻ എന്നിവർ പങ്കെടുത്തു.