മാള: കൃഷിനാശം ഒഴിവാക്കാനായി കണക്കൻ കടവിലെ താത്കാലിക തടയണ പൊട്ടിക്കുകയും സ്ഥിരം ഷട്ടറുകൾ രണ്ടെണ്ണം ഉയർത്തുകയും ചെയ്തതോടെ 70 ശതമാനം വെള്ളവും കൃഷിയിടങ്ങളിൽ നിന്ന് ഒഴുകിപ്പോയി. ഇതോടെ കർഷകരുടെ ദിവസങ്ങളായുള്ള ആധിക്ക് ആശ്വാസമായി. കാലം തെറ്റി തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ഇവിടുത്തെ കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായിരുന്നു. കൂഴൂർ പഞ്ചായത്തിലെ വയലാർ, തിരുത്ത, കൊച്ചുകടവ്, എരവത്തൂർ, തുമ്പശ്ശേരി എന്നീ പ്രദേശങ്ങളിലെ 200 ഏക്കറോളം കൃഷിസ്ഥലങ്ങൾ ദിവസങ്ങളായി വെള്ളത്തിനടിയിലായിരുന്നു. വിളവെടുക്കാൻ പാകമായ നെല്ല്, പച്ചക്കറിക്കൃഷികളും വെള്ളത്തിനടിയിലായതോടെ കർഷകർ വലിയ ആധിയിലായിരുന്നു. ശക്തമായ മഴയിൽ വാഴ, കൊള്ളി, പയർ, മത്തൻ മുതലായ പച്ചക്കറിക്കൃഷിയും പൂർണമായും നശിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് കൃഷിക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി പഞ്ചായത്ത് താത്കാലിക ബണ്ട് പൊട്ടിക്കുകയും രണ്ട് ഷട്ടർ ഉയർത്തുകയും ചെയ്തത്. തുടർച്ചയായി പെയ്യുന്ന മഴയിൽ കുഴൂർ പഞ്ചായത്തിലെ കതിര് വന്ന് നിൽക്കുന്ന നെൽപ്പാടങ്ങൾ പലതും ഇപ്പോഴും പൂർണമായി വെള്ളക്കെട്ടിൽ നിന്നും വിമുക്തമായിട്ടില്ല. ഒരു മാസം മുമ്പ് 30 ലക്ഷം രൂപയോളം ചെലവ് ചെയ്താണ് സർക്കാർ ഉപ്പുവെള്ളം കയറാതിരിക്കാൻ ഇവിടെ താത്കാലിക തടയണ നിർമ്മിച്ചത്. മഴ മാറുന്നതോടെ പൊട്ടിച്ച താത്കാലിക ബണ്ടുകൾ പുനർ നിർമ്മിച്ചില്ലെങ്കിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന അവസ്ഥയും വരും. മഴ ഒഴിയുന്നതോടെ താത്കാലിക ബണ്ട് പുനർനിർമ്മിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാനാണ് സാദ്ധ്യത.
ആലമറ്റം, എളയാനം, വഞ്ചിപ്പുരത്താഴം തോടിന്റേയും കിഴിയേലി തോടിന്റേയും ബണ്ടുകൾ ഉയർത്തുകയും തോടുകളിൽ ഷട്ടറുകൾ സ്ഥാപിക്കുകയും വേണം. എന്നാൽ മാത്രമേ കൃഷിയിടങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകൂ.
- കെ.കെ. രാമൻ കുണ്ടൂർ
(കർഷകൻ)