avo

തൃശൂർ: തൃശൂരിലെ കോൾനിലങ്ങളിൽ മുമ്പ് രണ്ടുതവണ കണ്ടെത്തിയ യൂറോപ്പിലെ ദേശാടനപ്പക്ഷിയായ പൈഡ് ആവോസെറ്റിനെ തൃപ്രയാറിനടുത്ത് കോതകുളം ബീച്ചിൽ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എൻ.എ. നസീർ, ഫോട്ടോഗ്രാഫർ സാംസൺ പി. ജോസ് എന്നിവരാണ് കേരളത്തിൽ അപൂർവമായി കാണാറുള്ള പക്ഷിയെ കണ്ടെത്തിയത്.

2010ലും 2015ലുമാണ് തൃശൂരിൽ കണ്ടെത്തിയിത്. കേരളത്തിൽ ആദ്യം കണ്ടത് കടലുണ്ടിയിലായിരുന്നു 1986ൽ. ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസാവസാനം ഇവയെ കടലുണ്ടിയിൽ കണ്ടെത്തി. റികർറിവോസ്ട്ര ആവോസെറ്റ എന്ന ശാസ്ത്രനാമമുള്ള ഇതിനെ കോതകുളത്ത് ആദ്യമായാണ് കാണുന്നത്.

മണിക്കൂറുകൾ കാത്തിരുന്നാണ് പൈഡ് ആവോസൈറ്റിന്റെ തനിച്ചുള്ള ഫോട്ടോയെടുത്തത്. കടൽക്കാക്കകളുടെ കൂട്ടത്തിൽ ചേർന്നാൽ ഇവയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഉപ്പുവെള്ളം കലർന്ന ആഴം കുറഞ്ഞ ജലാശയങ്ങളിലെ മണൽത്തിട്ടകളിലുള്ള ചെളിസ്ഥലത്താണ് ഇവ ഇര തേടാറുള്ളത്. നീല കലർന്ന് നീണ്ട കാലുകളും സവിശേഷതയാണ്. കറുപ്പും വെളുപ്പും കലർന്നതാണ് നിറം.

കടലുണ്ടിപ്പുഴയിൽ ഇവയ്ക്കാവശ്യമായ ഭക്ഷണം സുലഭമായതാണ് അവയെ അങ്ങോട്ട് ആകർഷിക്കുന്നതെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. ചെറുചെമ്മീൻ, ഞണ്ട്, ഒച്ച്, വിരകൾ എന്നിവയെ ഭക്ഷണമാക്കുന്നു.

ദേശാടനം തണുപ്പിൽ നിന്ന് രക്ഷതേടി

കടുത്ത തണുപ്പിൽ നിന്ന് രക്ഷ തേടിയാണ് ഇവയുടെ ദേശാടനം. സെബീരിയ, റഷ്യ, യൂറോപ്പ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മറ്റ് മദ്ധ്യേഷ്യൻ രാജ്യങ്ങിൽ നിന്നുമാണ് വരവ്. യൂറോപ്പിലെ മിതശീതോഷ്ണ മേഖലയിലാണ് പൊതുവെ കാണാറുള്ളത്.

ഫോട്ടോ എടുക്കുന്നതിനിടെ ഒരു കാലിൽ നിന്ന് ചിറകുകൾക്കിടയിൽ തല പൂഴ്ത്തി ഏറെ നേരം വിശ്രമിക്കുന്നത് കണ്ടു. ശനിയാഴ്ച രാവിലെ മുതൽ കാത്തിരുന്നതാണ് ഫോട്ടോയെടുത്തത്.

- എൻ.എ. നസീർ