
ചാലക്കുടി: മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ചുള്ള ഉപജാപക സംഘമാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും ഭരണകൂട ഭീകരത നടപ്പാക്കലാണ് ഇവരുടെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോട്ടയിൽ നഗരസഭ സംഘടിപ്പിച്ച സുവർണ ഗൃഹം പദ്ധതി നിർമ്മാണോദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഒളിവിൽ പോയ ആളോ കൊലക്കേസിലെ പ്രതിയോ അല്ല യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഡി.ജി.പി ഓഫീസ് മാർച്ചിൽ പങ്കെടുക്കുകയും ജയിലിലായ സഹപ്രവർത്തകരെ സന്ദർശിക്കുകയും ജയിൽ മോചിതരായവർക്ക് സ്വീകരണം നൽകുകയും ചെയ്ത് പൊതുസമൂഹത്തിൽ നിൽക്കുന്നയാളാണ് രാഹുൽ.എന്നിട്ടും വീട് വളഞ്ഞ് ബലപ്രയോഗത്തിലൂടെയാണ് പിടിച്ചു കൊണ്ടുപോയത്. ഇതുകൊണ്ടൊന്നും യൂത്ത് കോൺഗ്രസിനെയും യു.ഡി.എഫിനെയും ഭയപ്പെടുത്താമെന്ന് പിണറായി വിജയൻ കരുതേണ്ട.
ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത് പ്രതിയെ രക്ഷപ്പെടുത്തിയ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്തിട്ടില്ല. എസ്.ഐക്കെതിര കൊലവിളി പ്രസംഗം നടത്തിയ എസ്.എഫ്.ഐ നേതാവിനെയും പിടികൂടിയില്ല. സംസ്ഥാനത്ത് ഇരട്ട നീതിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ വീട്ടിൽക്കയറി അറസ്റ്റു ചെയ്തതിന് തക്കതായ പ്രതികരണമുണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.