
ചാലക്കുടി: ശശി തരൂരിനെ തിരുവനന്തപുരത്ത് തോൽപ്പിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പറഞ്ഞത് സത്യമാണെന്നും തിരുവനന്തപുരത്തെ ജനങ്ങൾ ഹൃദയത്തിലേറ്റിയ ജനപ്രതിനിധിയാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിന് തരൂർ ജയിക്കും. ഈ യാഥാർത്ഥ്യം ബി.ജെ.പിയുടെ സമുന്നത നേതാക്കൾക്ക് പോലും മനസിലായി എന്നതിൽ സന്തോഷം.
തൃശൂരിൽ കഴിഞ്ഞതവണ ടി.എൻ. പ്രതാപൻ വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കും. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ ചവിട്ടിയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് നാരീശക്തിയെക്കുറിച്ച് പറഞ്ഞത്. നാട് മുഴുവൻ സ്ത്രീകൾ വേട്ടയാടപ്പെടുന്നു. ഇതെല്ലാം ബി.ജെ.പിയുടെ നാടകമാണ്, മതേതര കേരളത്തിൽ വിലപ്പോകില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പ്രമുഖ പത്രപ്രവർത്തകനും കേരള കൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം ഡോ.ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലാണ് രാജഗോപാൽ ഈ അഭിപ്രായ പ്രകടനം നടത്തിയത്