തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ എച്ച്.ഡി.എസ് വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഒരു കോടിയോളം രൂപയുടെ ക്രമക്കേടെന്ന് റിപ്പോർട്ട്. മെഡിക്കൽ എഡ്യുക്കേഷണൽ ഡയറക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് നാലുഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ഇതിനകം തന്നെ 90 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
എച്ച്.ഡി.എസ് വിഭാഗത്തിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ചില വിഭാഗങ്ങളിലെ ഫയലുകൾ മാത്രം പരിശോധിച്ചപ്പോഴാണ് ഇത്രയേറെ വലിയ തുകയുടെ ക്രമക്കേട് പുറത്തുവന്നത്. ആദ്യ ഘട്ടത്തിൽ അഞ്ച് ദിവസവും രണ്ടാം ഘട്ടത്തിൽ ആറ് ദിവസവുമാണ് പരിശോധന നടത്തിയത്. പിന്നീട് രണ്ട് ഘട്ടങ്ങളിൽ കൂടി പരിശോധന നടന്നു.
അഞ്ച് വർഷത്തെ ഫയലുകൾ പരിശോധിക്കണമെന്നായിരുന്നു നിർദ്ദേശം. അതുപ്രകാരം ദൈനംദിന കണക്കുകൾ പരിശോധിച്ചതിൽ നിന്നാണ് ഒരു കോടിയോളം വരുന്ന തട്ടിപ്പ് കണ്ടത്. ടെൻഡർ, പർച്ചേസ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. മുഴുവൻ ഫയലുകളും പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തുവന്നേക്കുമെന്നാണ് വിലയിരുത്തൽ.
കുറ്റക്കാർ സുരക്ഷിതർ
വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്തി ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. കളക്ടർ നടത്തിയ പരിശോധനയിൽ പത്തു ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഒരു വനിതാ ജീവനക്കാരിക്കെതിരെ നടപടി എടുത്തിരുന്നു. പുതിയ സൂപ്രണ്ടിന്റെ നിർദ്ദേശത്തെത്തുടർന്നാണ് മാറ്റം. കൂടാതെ മെഡിക്കൽ എഡ്യുക്കേഷണൽ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ചുമതല വഹിച്ചിരുന്ന ജീവനക്കാരനെ തോളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും സ്ഥലം മാറ്റിയിരുന്നു.
മന്ത്രിയുടെ ഉറപ്പിനും...
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ സബ്മിഷന് മന്ത്രി വീണ ജോർജ് മറുപടി നൽകിയിരുന്നു. എന്നാൽ നാലുമാസം കഴിഞ്ഞിട്ടും ഉത്തരവിന്റെ പകർപ്പ് പോലും വിജിലൻസ് ഓഫീസിൽ എത്തിയിട്ടില്ല. വിജിലൻസ് അന്വേഷണം തടയാനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായി അറിയുന്നു.
ഡെപ്യൂട്ടി സൂപ്രണ്ടും ആർ.എം.ഒയും
ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം. ദാസ്, ആർ.എം.ഒ രൺദീപ് എന്നിവർ രാജി വച്ച ഒഴിവിലേക്ക് പുനർനിയമനം നടന്നിട്ടില്ല. സൂപ്രണ്ടിന്റെ ചാർജ് വഹിക്കുമ്പോൾ നിരവധി വിവാദ തീരുാമനമെടുത്ത നിഷ എം. ദാസ് പുതിയ സൂപ്രണ്ടുമായി സഹകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ മന്ത്രി അടക്കമുള്ളവർ തള്ളിയതാണ് രാജിയിലേക്ക് നയിച്ചത്. ഭരണകക്ഷി യൂണിയനും ഇവർക്കെതിരെ എതിർപ്പുമായി രംഗത്തുണ്ടായിരുന്നു.