തളിക്കുളം: കൈതയ്ക്കൽ നാല് സെന്റ് കോളനി നിവാസികൾ ദാഹം അകറ്റാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളത്തിനായി പരക്കം പായുമ്പോൾ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി പഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥാപിച്ച പ്രാദേശിക കുടിവെള്ള പദ്ധതിയാവട്ടെ മാസങ്ങളായി ഉദ്ഘാടനം കാത്ത് കിടക്കുന്നു. നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടെങ്കിലും വെള്ളം പമ്പ് ചെയ്യാനോ പദ്ധതി ഉദ്ഘാടനത്തിനോ അധികാരികൾ തയ്യാറായിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് പതിനിധീകരിക്കുന്ന തളിക്കുളം 12-ാം വാർഡിലെ കൈതയ്ക്കൽ കോളനിയിലുള്ളവരാണ് ജല അതോറിറ്റിയുടെ ടാപ്പുകളും പ്രാദേശിക കുടിവെള്ള പദ്ധതിയും ഉണ്ടായിട്ടും ശുദ്ധജലത്തിനായി നാടുനീളേ ഓടുന്നത്. ജല അതോറിറ്റിയുടെ ടാപ്പുകളിൽ വെള്ളം എത്തിയിട്ട് പത്ത് ദിവസമായി. കുടിനീർ കിട്ടാതായിരിക്കേ കിലോമീറ്ററുകൾ വാഹനങ്ങളിൽ സഞ്ചരിച്ച് വെള്ളം വരുന്ന ടാപ്പുകൾ തിരയുകയാണ് കൈതയ്ക്കൽ കോളനി നിവാസികൾ. രാവിലെ തൊഴിലുറപ്പ് പണിക്കും വിവിധ കൂലവേലയ്ക്കും പോകുന്നതിനു മുമ്പേ കുടിനീരിനായി ഓടിത്തളരുക കൂടിയാണ് ഈ പാവങ്ങൾ.
കുടിവെള്ള പദ്ധതിക്ക് നാലായിരം ലിറ്റർ സംഭരണ ശേഷി
കുടിനീർ ക്ഷാമം തുടർക്കഥയാണെന്നിരിക്കെ പരിഹാര മാർഗം എന്ന നിലയിൽ കൂലിപ്പണിക്കാർ താമസിക്കുന്ന കൈതയ്ക്കൽ കോളനിയിൽ രണ്ടായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കുകൾ സ്ഥാപിച്ച് നിലവിലുള്ള കിണറിന് സമീപം കുഴൽക്കിണർ (ഫിൽറ്റർ) സ്ഥാപിച്ച് ജല വിതരണ പദ്ധതി ആരംഭിക്കുകയായിരുന്നു.