
തൃശൂർ : ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഫണ്ട് തട്ടിപ്പ് അന്വേഷണം ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു. തട്ടിപ്പ് പുറത്ത് വന്നപ്പോൾ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയ അധികൃതർ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിലുണ്ടായിരുന്ന സൂപ്രണ്ട് ഇൻ ചാർജ്ജ്, ആർ.എം.ഒ എച്ച്.ഡി.എസ് ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരെ പുറത്താക്കാൻ തയ്യാറായില്ല. ആരോഗ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ഒരു നടപടിയും വിജിലൻസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് ഭരണ സ്വാധീനമാണ് തെളിയിക്കുന്നത്. കുറ്റക്കാർക്ക് അർഹമായ ശിക്ഷ നൽകിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് രാജേന്ദ്രൻ അരങ്ങത്ത് അറിയിച്ചു.