kuthiran-

തൃശൂർ: കുതിരാനിൽ തൃശൂർ ഭാഗത്തേക്കുള്ള ടണൽ, ഗാൻട്രി കോൺക്രീറ്റിംഗ് നടത്താൻ അടച്ചതോടെ ഗതാഗതം ഒറ്റവരിയാക്കിയതിനെ തുടർന്ന് യാത്രാക്‌ളേശം രൂക്ഷം. പഴയ റോഡ് അടച്ചില്ലായിരുന്നെങ്കിൽ അതുവഴി വാഹനങ്ങൾ കടത്തിവിടാൻ കഴിഞ്ഞാൽ ഗതാഗതതടസം ഒഴിവാകുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഒരു ടണലിൽ നിരവധി വാഹനങ്ങൾ രണ്ടുദിക്കിലേക്കും കടന്നുപോകുമ്പോൾ വൻതോതിൽ കാർബൺ മോണാേക്‌സൈഡ് അടക്കമുള്ള വിഷവാതകങ്ങൾ ടണലിൽ നിറയും. ഏതെങ്കിലും വാഹനം കേടുവന്നാൽ ഗതാഗതക്കുരുക്കും മുറുകും. അതുകൊണ്ട് വേനലവധിക്കാലത്ത് വൻ തിരക്കിനും വഴിയൊരുക്കും. കോൺക്രീറ്റിംഗ് പത്തുദിവസത്തിനുള്ളിൽ തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. മുന്നോടിയായി ബ്‌ളോവർ അഴിച്ചു. പത്ത് ബ്‌ളോവറും ലൈറ്റും അഴിച്ചാൽ കോൺക്രീറ്റിംഗ് തുടങ്ങും. കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. രണ്ട് പൊലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുമുണ്ട്. കൊമ്പഴയിൽ നിന്ന് ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വൈകിട്ടാണ് വാഹനങ്ങൾ തുരങ്കത്തിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുന്നത്.

നാല് മാസത്തിനുള്ളിൽ പണി തീരുമോ ?

നാല് മാസത്തിനുള്ള കോൺക്രീറ്റിംഗ് കഴിയുമെന്നാണ് പറയുന്നതെങ്കിലും അതിലേറെ സമയമെടുക്കുമെന്നാണ് വിവരം. ടണലിന്റെ മുകൾഭാഗത്ത് പാറയുടെ ബലക്ഷയം കണക്കിലെടുത്ത് ഇരുമ്പ് ആർച്ചുകൾ പാകി വെൽഡ് ചെയ്ത് ദൃഢപ്പെടുത്തുന്ന ജോലികളും ആർച്ചുകൾക്ക് മീതെ കംപ്രസർ ഉപയോഗിച്ച് കോൺക്രീറ്റിംഗ് അടക്കമുള്ള പണികളുമാണ് ചെയ്യുക. ഇത്രയും പണികൾ നാല് മാസത്തിനുള്ളിൽ സാദ്ധ്യമാകുമോയെന്നാണ് യാത്രക്കാർ സംശയിക്കുന്നത്. വഴുക്കുംപാറ മേൽപ്പാതയുടെ സംരക്ഷണ ഭിത്തി തകർന്നതോടെ കഴിഞ്ഞ ജൂൺ മുതൽ മേൽപ്പാലത്തിന്റെ മൂന്ന് വരി പൂർണമായും അടച്ചാണ് നിർമാണം നടത്തിയത്. മേൽപ്പാലം തുറതോടെ യാത്രക്കാർ ആശ്വാസത്തിലായിരുന്നു. അതിനിടെയാണ് വീണ്ടും ടണൽ അടച്ച് പണി തുടങ്ങുന്നത്.

കോൺക്രീറ്റിംഗ് പകുതിദൂരം മാത്രം

ടണലിന്റെ ദൂരം: ഇരുമ്പുപാലം മുതൽ വഴുക്കുമ്പാറ വരെ 962 മീറ്റർ
ഗ്യാൻട്രി കോൺക്രീറ്റിംഗ് ചെയ്യേണ്ട ദൂരം: 490 മീറ്റർ
കോൺക്രീറ്റിടുന്ന കനം: 30 ഇഞ്ച്

ടോൾ പിരിവ് നിറുത്തണം

കൂടുതൽ തൊഴിലാളികളെ രാപ്പകൽ നിയോഗിച്ച് വേഗത്തിൽ പൂർത്തിയാക്കണം
നിർമ്മാണം കഴിയുംവരെ നിർമാണ കമ്പനി ടോൾ പിരിക്കുന്നത് നിറുത്തണം
പാലിയേക്കര മുതൽ പന്നിയങ്കര വരെ 32 കി.മീറ്റർ ദൂരത്തിൽ രണ്ട് ടോൾപ്‌ളാസ പാടില്ല
രണ്ട് ടോൾ പ്ലാസകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം വേണമെന്ന നിയമം ലംഘിക്കുന്നു

ടോൾ കുറയ്ക്കുമോ?

ടണലിന്റെയും മേൽപ്പാലത്തിന്റെയും ഉപയോഗമില്ലാത്തതിനാൽ ടോൾ പിരിവിന്റെ 65 ശതമാനം വെട്ടിക്കുറയ്ക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്. പൂർണമായും സജ്ജമായ റോഡിൽ യാത്ര ചെയ്യാനാണ് ടോൾ നൽകുന്നതെന്നും അല്ലാത്തപക്ഷം ടോൾ പിരിക്കാൻ അനുമതി നൽകരുതെന്നുമാണ് ആവശ്യം. ടോൾ പിരിവിന്റെ 65 ശതമാനം ടണൽ നിർമാണ ഫണ്ടിലേക്കാണ് പോകുന്നതെന്നായിരുന്നു കമ്പനിയുടെ വാദം.

ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള ഇടപെടൽ പൊലീസ് നിരന്തരം നടത്തുന്നുണ്ട്. രാത്രികാലങ്ങളിൽ ടണലിൽ ഗതാഗതടസമുണ്ടാകാതിരിക്കാനുള്ള കരുതലും സ്വീകരിച്ചിട്ടുണ്ട്.

പീച്ചി പൊലീസ്.