
തൃശൂർ: നിലവിലുണ്ടായിരുന്ന 600 കേന്ദ്രങ്ങളുടെ പ്രവർത്തന മികവ് പരിഗണിച്ച്, ചികിത്സാരംഗം മെച്ചപ്പെടുത്താൻ സംസ്ഥാനത്ത് 100 പുതിയ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ കൂടി അനുവദിച്ചു. ആയുർവേദത്തിൽ 116, ഹോമിയോപ്പതിയിൽ 40 തസ്തികകൾ സൃഷ്ടിച്ചതായും അധികൃതർ അറിയിച്ചു. ജീവിതശൈലി രോഗ പ്രതിരോധത്തിന് 1000 ആയുഷ് യോഗ ക്ലബുകൾ തുടങ്ങി. ആയുഷ് മേഖലയിൽ ഇ ഹോസ്പിറ്റൽ സംവിധാനം നടപ്പാക്കി. ദേശീയതല അവലോകനത്തിന്റെ ഭാഗമായി നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് സെന്ററുകൾ വിലയിരുത്തിയ റിപ്പോർട്ടിൽ കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. ആയുഷ് ഒ.പിയിൽ രാജ്യത്ത് ഏറ്റവുമധികം സേവനം നൽകുന്നത് കേരളത്തിലാണ്.
സംസ്ഥാനത്തെ സർക്കാർ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് ശ്രമം. ഇതിനായി എല്ലാ ജില്ലകളിലും ക്വാളിറ്റി ടീമുണ്ടാക്കി. എൻ.എ.ബി.എച്ച് പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാതല നോഡൽ ഓഫീസർമാരെയും ഫെസിലിറ്റേറ്റേഴ്‌സിനെയും നിയോഗിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്ക് ക്‌ളാസ് നൽകി. ക്വാളിറ്റി ടീമുകൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്കും പരിശീലനം നൽകി. ന്യൂനതാ പരിശോധനയ്ക്ക് മൂല്യനിർണയ മാനേജ്‌മെന്റ് കമ്മിറ്റിയെയും ഡോക്യുമെന്റേഷന് ഡോക്യുമെന്റേഷൻ ടീമിനെയും രൂപീകരിച്ചു. ഈ കമ്മിറ്റി രാജ്യത്താദ്യമായി ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്കുള്ള കൈപ്പുസ്തകം തയ്യാറാക്കി. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്ക് ഇത് സഹായകമാകും. എല്ലാ സ്ഥാപനങ്ങളിലും ബയോമെഡിക്കൽ ലാബ് ഉപകരണങ്ങൾ ലഭ്യമാക്കിയെന്നും അധികൃതർ അറിയിച്ചു.