
തൃശൂർ: പുഞ്ചിരിയോടെയുള്ള പെരുമാറ്റംകൊണ്ട് സൗമ്യതയും സമവായവും എന്നും കാത്തുസൂക്ഷിച്ച മാർ റാഫേൽ തട്ടിൽ നൽകുന്നത് ഒരു പ്രതീക്ഷയാണ്. കാലങ്ങളായി വിഘടിച്ചു നിൽക്കുന്ന അങ്കമാലി - എറണാകുളം രൂപതയിലെ അടക്കമുള്ള വൈദികരെ ഐക്യത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന വലിയ പ്രത്യാശ. ആ ശ്രമകരമായ ദൗത്യം നിറവേറ്റാൻ തൃശൂർ നഗരഹൃദയത്തിൽ വളർന്ന അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു.
എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ നന്നേ ചെറുപ്പത്തിലേ ശ്രദ്ധാലുവായിരുന്നു തട്ടിൽ. കൈപിടിച്ചും ആലിംഗനംചെയ്തും സാഹോദര്യത്തോടെ ചേർത്തുനിറുത്തുന്ന അദ്ദേഹത്തിന്റെ ശൈലി, സഭാ ഐക്യത്തിന് വഴിവിളക്കായാൽ സഭാതലവൻ എന്ന നിലയിൽ അത് വലിയ നേട്ടമാകും. തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക ഇടവകാംഗമായ അദ്ദേഹം, എരിഞ്ഞേരി അങ്ങാടിയിലെ തട്ടിൽ കുടുംബത്തിൽ 1956 ഏപ്രിൽ 21നാണ് ജനിച്ചത്. തട്ടിൽ ഔസേപ്പിന്റേയും ഏനാമ്മാവ് കാഞ്ഞിരത്തിങ്കൽ ത്രേസ്യയുടെയും മക്കളിൽ ഇളയവൻ.
ബസിലിക്കയ്ക്ക് പിറകിൽ മാർത്തോമ ഗേൾസ് ഹൈസ്‌കൂളിന് മുന്നിലായിരുന്നു വീട്. റാഫേലിന് രണ്ടര വയസുള്ളപ്പോൾ പിതാവ് മരിച്ചു. അമ്മയ്‌ക്കൊപ്പം മൂത്തസഹോദരൻ ലാസറാണ് തന്നെയും സഹോദരങ്ങളെയും വളർത്തിയതെന്ന് മാർ തട്ടിൽ പറയാറുണ്ട്. സഹോദരന്മാരെല്ലാം കച്ചവടത്തിന്റെ വഴിയേപോയപ്പോൾ റാഫേൽ പൗരോഹിത്യത്തിന്റെ വഴിത്താരയിലേയ്ക്ക് നടന്നു. 1980 ഡിസംബർ 21ന് മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 'പ്രീസ്റ്റ്‌ലി ഫോർമേഷൻ ഇൻ ദ സീറോ മലബാർ ചർച്ച്' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ഇംഗ്ലീഷിന് പുറമേ, ജർമ്മൻ, ഇറ്റാലിയൻ, ലാറ്റിൻ എന്നീ ഭാഷകളും പഠിച്ചു. രൂപതാ വൈസ് ചാൻസലർ, മൈനർ സെമിനാരി വൈസ് റെക്ടർ, ഡി.ബി.സി.എൽ.സി ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു.
1996ലും 98ലും ചാൻസലറായി. വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെയും നാമകരണ കോടതികളിൽ സുപ്രധാന ചുമതലവഹിച്ചു. മാർ കുണ്ടുകുളം, മാർ ജേക്കബ് തൂങ്കുഴി എന്നിവർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് 2010 ഏപ്രിൽ 10ന് തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി ഉയർത്തപ്പെട്ടത്. 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്ന് 'പേപ്പൽ ചേംബർലൈൻ' ബഹുമതി ലഭിച്ചു. 2014 ജനുവരി 11ന് മാർപാപ്പ ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിച്ചു. 2018ൽ ഷംഷാബാദ് ബിഷപ്പായി നിയമിതനായി. ഈ ചുമതലയിൽ നിന്നാണ് ഇപ്പോൾ സീറോ മലബാർ സഭയെ നയിക്കാനുള്ള നിയോഗം ലഭിച്ചത്. സഹോദരങ്ങൾ: തോമസ്, ഫ്രാൻസിസ്, ജോയി, ജോൺ, പരേതരായ ലാസർ, ബേബി, ശോശന്നം.
കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരം
മൂന്നര വർഷമായി ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി അദ്ദേഹം കഠിനാദ്ധ്വാനത്തോടെ ചെയ്ത ശുശ്രൂഷകൾക്കുള്ള അംഗീകാരം കൂടിയാണിത്. 'മുറിക്കപ്പെടുന്നതിനും നൽകപ്പെടുന്നതിനും' ജീവിച്ച ഇടയനാണ് മാർ തട്ടിൽ. തൃശൂരിൽ മേജർ സെമിനാരി രൂപകൽപന ചെയ്തു നടപ്പാക്കാൻ മികച്ച നേതൃത്വം നൽകിയ മാർ തട്ടിൽ വാഗ്മിയാണ്. ആവേശം കൊള്ളിക്കുന്ന പ്രഭാഷകനും.