
തൃശൂർ: വ്യാപാരരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് 29ന് കാസർകോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കും. ജാഥ തിരുവനന്തപുരത്തെത്തുന്ന ഫെബ്രുവരി 15ന് സംസ്ഥാനത്ത് കടകളടച്ച് പ്രതിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാലിന്യസംസ്‌കരണത്തിന്റെ പേരിൽ വ്യാപാരികളെ വേട്ടയാടരുതെന്നും പ്‌ളാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികൾക്ക് മാത്രം പിഴയീടാക്കരുതെന്നും അടക്കമുള്ള പത്താവശ്യം ഉന്നയിച്ചാണ് ജാഥ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരനയങ്ങൾ ചെറുകിട വ്യാപാരികളെ ആത്മഹത്യയിലേയ്ക്ക് നയിക്കുകയാണെന്നും കുത്തകകൾക്ക് മാത്രം അനുകൂലമാകുന്ന നിയമനിർമ്മാണം മൂലം ചെറുകിട വ്യാപാരികൾ കഷ്ടത്തിലാണെന്നും ഭാരവാഹികൾ ആരോപിച്ചു.
തെരുവോരക്കച്ചവടത്തിന് പ്രത്യേക സോൺ വേണം. ജി.എസ്.ടി രജിസ്‌ട്രേഷൻ പരിധി രണ്ട് കോടിയായും എഫ്.എസ്.എസ്.എ പരിധി ഒരു കോടിയുമാക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം പേർ ഒപ്പിട്ട നിവേദനം മുഖമന്ത്രിക്ക് നൽകും. വാർത്താസമ്മേളനത്തിൽ വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ അബ്ദുൾഹമീദ്, അഹമ്മദ് ഷരീഫ്, സെക്രട്ടറിമാരായ ബാബു കോട്ടായിൽ, സണ്ണി പൈംപിള്ളിൽ, സെക്രട്ടേറിയറ്റ് അംഗം എ.ജെ.റിയാസ് എന്നിവരും പങ്കെടുത്തു.