പുതുക്കാട്: ശങ്കരാചല മഠത്തിന്റെ സ്ഥാപകനും 1943 മുതൽ 1959 വരെ ശിവഗിരി മഠാധിപതിയുമായിരുന്ന ശങ്കരാനന്ദ സ്വാമികളുടെ 47-ാം സമാധി ദിനാചരണം നാളെ ശിവഗിരി മഠത്തിലും പുതുക്കാട് സ്വാമിയാർകുന്ന് ശങ്കരാചല മഠത്തിലും ആചരിക്കും. സാമിയാർ കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമിതി, ഗുരുധർമ്മ പ്രചാരസഭ ജില്ലാ കമ്മിറ്റി, എസ് എൻ.ഡി.പി പുതുക്കാട് യൂണിയൻ, കോമത്തുക്കാട്ടിൽ കുടുംബ ട്രസ്റ്റ് എന്നിവരുടെ സംയുക്താ മുഖ്യത്തിലാണ് സമാധി ദിനാചരണം.

ശങ്കരാചല മഠത്തിൽ പ്രത്യേക ചടങ്ങുകൾ, പ്രാർത്ഥന എന്നിവ നടക്കും. ക്ഷേത്രം ഹാളിൽ നടക്കുന്ന അനുസ്മരണ യോഗം എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമിതി പ്രസിഡന്റ് പി.കെ. സെൽവരാജ് അദ്ധ്യക്ഷനാകും. അദ്വൈതാനന്ദതീർത്ഥ സ്വാമികൾ, ദേവ ചൈതന്യ സരസ്വതി സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ഗുരുധർമ്മ പ്രചാരസഭ ജില്ലാ പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി കെ.യു. വേണുഗോപാൽ, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ, കോമത്തുക്കാട്ടിൽ കുടുംബ ട്രസ്റ്റ് പ്രസിഡന്റ് കെ.എം. ബേബി, സെക്രട്ടറി രജത്ത് കോമത്തുക്കാട്ടിൽ എന്നിവർ പ്രസംഗിക്കും.