ചാലക്കുടി: കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിലെ അമ്പ് തിരുനാൾ ജനുവരി 11 മുതൽ 15 വരെ ആഘോഷിക്കും. വ്യാഴാഴ്ച പ്രസുദേന്തി വാഴ്ചയ്ക്ക് ശേഷം വൈകിട്ട് 4 30ന് വികാരി ഫാ. വർഗീസ് കോന്തുരുത്തി കൊടിയേറ്റും. ശനിയാഴ്ച രാവിലെ 5.30 ന് ദിവ്യബലി, തുടർന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് പുറത്തെടുക്കലും കൂടുതുറക്കൽ ചടങ്ങും നടക്കും. തുടർന്ന് ഫാ. പ്രിൻസ് പരത്തിനാൽ സി.എം.ഐയുടെ നേത്യത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും ഉണ്ടാകും.

പ്രദക്ഷിണം, പന്തലിലേക്ക് രൂപം എടുത്തു വയ്ക്കൽ, തുടർന്ന് ഇടവകയിലെ 45 കുടുംബസമ്മേളനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. യൂണിറ്റുകളിലെ അമ്പ് എഴുന്നള്ളിപ്പ് തിരികെ പള്ളിയിൽ കയറൽ, രാത്രി വർണമഴ എന്നിവയുമുണ്ടാകും. ഞായറാഴ്ചയാണ് തിരുന്നാൾ ദിനം. ദിവ്യബലി, കുഞ്ഞുങ്ങൾക്ക് ചോറൂണ്, പത്തിന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, രാത്രി ഏഴിന് കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

തിങ്കളാഴ്ച വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ, ടൗൺ അമ്പായി ആഘോഷിക്കും.
വിശുദ്ധ ബലി, തിരുനാൾ കുർബാനകൾ, ടൗൺ പ്രദക്ഷിണം, വർണമഴ എന്നിവയാണ് പരിപാടികൾ. വാർത്താ സമ്മേളനത്തിൽ സഹവികാരി ഫാ. ജയിംസ് കൊച്ചുപറമ്പിൽ, ഡേവീസ് പേങ്ങിപ്പറമ്പിൽ, ഡെന്നി പള്ളത്താട്ടിൽ, ലിജോ ചാതയിൽ, ജോൺസൺ വെണ്ണാട്ടുപറമ്പിൽ എന്നിവർ പങ്കെടുത്തു.