velli

പശ്ചിമഘട്ടത്തിലെ ചിത്രശലഭ ഇനങ്ങൾ 337

തൃശൂർ:പശ്ചിമഘട്ടത്തിൽ 33 വർഷത്തിന് ശേഷം വെള്ളിവരയൻ ചിത്രശലഭത്തെ ഗവേഷകർ കണ്ടെത്തി. സിഗരൈറ്റിസ് മേഘമലെയൻസിസ് സ്പീഷീസിൽ പെടുന്ന പുതിയ ശലഭത്തെ ഇടുക്കി ജില്ലയിലെ പെരിയാർ നിത്യഹരിത മേഘവനങ്ങളിലാണ് കണ്ടെത്തിയത്. ഇതോടെ പശ്ചിമഘട്ടത്തിലെ ചിത്രശലഭ ഇനങ്ങൾ 337 ആയി.

തിരുവനന്തപുരം ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച്ച് അസോസിയേറ്റ് ഡോ.കലേഷ് സദാശിവനും സംഘവും നടത്തിയ പഠനം 'എന്റോമോൺ' എന്ന ശാസ്ത്രജേർണലിൽ പ്രസിദ്ധീകരിച്ചു.

തമിഴ്‌നാട്ടിലെ മേഘമലൈയിലും കേരളത്തിലെ പെരിയാർ കടുവ സങ്കേതത്തിലും ഇവ സാധാരണമാണെന്നും സംഘം കണ്ടെത്തി. മേഘമലൈയുടെ പേരിൽ മേഘമലൈ ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ (മേഘമല വെള്ളിവരയൻ) എന്ന പേരുമിട്ടു.

ഇതിന്റെ ശലഭപ്പുഴു ക്രിമാറ്റോഗാസ്റ്റർ വ്രൊട്ടോണിയി എന്ന ഉറുമ്പുമായി സഹവസിക്കുന്നതായി സംഘാംഗമായ കെ.മനോജ് സ്ഥിരീകരിച്ചു. ഈ സവിശേഷത ചിത്രശലഭത്തെയും അതിന്റെ പരിസ്ഥിതിയെയും പറ്റി കൂടുതൽ വിവരം നൽകുമെന്ന് കേരള സർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.പി.സി.സുജിത പറഞ്ഞു.

ഏഴിൽ ആറും പശ്ചിമഘട്ടത്തിൽ

പശ്ചിമഘട്ടത്തിലെ ഏഴിനം വെള്ളിവരയന്മാരിൽ ആറും തെക്കൻ പശ്ചിമഘട്ടത്തിലാണെന്ന് പഠനത്തിൽ പങ്കാളിയായ 'വനം' ട്രസ്റ്റ് അംഗം രാമസ്വാമി നായ്ക്കർ പറഞ്ഞു.

മുതിർന്ന ചിത്രശലഭത്തിന്റെ മുൻ ചിറകിന്റെ അടിയിലുള്ള വരകൾ ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള മറ്റ് വെള്ളിവരയൻ ചിത്രശലഭങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.


ഡോ.കലേഷ് സദാശിവൻ.