
തൃശൂർ: താഴെ നഗര -പച്ചപിടിച്ച കോൾപ്പാട കാഴ്ചകൾ. സൂര്യൻ മറയുമ്പോൾ ദൃശ്യമാകുന്ന മനോഹര സായാഹ്നക്കാഴ്ചകൾ. കോടികൾ മുടക്കി മോടി പിടിപ്പിച്ച വിനോദ സഞ്ചാര കേന്ദ്രമായ വിലങ്ങൻ കുന്നിലെ കാഴ്ചയിൽ ഭ്രമിച്ച്, പോകാമെന്ന് വച്ചാൽ പൊട്ടിപ്പൊളിഞ്ഞ് ടാറെല്ലാം അടർന്ന നിലയിലാണ്.
തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ സ്റ്റോപ്പിൽ നിന്ന് രണ്ട് കിലോമീറ്ററിലേറെ ദൂരമുള്ള വിലങ്ങൻകുന്ന് റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
കുന്നിലേക്ക് ഓട്ടോക്കാർ പോലും വരാൻ തയ്യാറല്ല. ബൈക്കിൽ പോകുന്നവർ വീഴാതെ രക്ഷപ്പെടണമെങ്കിൽ അഭ്യാസം പയറ്റണം. കഴിഞ്ഞ ഓണം, ക്രിസ്മസ് അവധിക്കാലത്ത് ആയിരങ്ങളാണ് കുന്നിലെത്തിയത്. പാർക്കുകൾ സജീവമായതിനാൽ ഏറെയും കുട്ടികളായിരുന്നു. വൈകിട്ട് തിരികെ കുന്നിറങ്ങുമ്പോൾ കാറുകൾ കേടുവന്ന് നിരവധി വാഹനങ്ങൾ കുടുങ്ങി. റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമില്ലെന്ന് നാട്ടുകാരെയും സഞ്ചാരികളും പറയുന്നു. അടാട്ട് പഞ്ചായത്തിലെ 10, 11 വാർഡിലാണ് വിലങ്ങൻകുന്നുള്ളത്. തൃശൂർ നഗരത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് വിലങ്ങൻകുന്ന് വിനോദ സഞ്ചാര കേന്ദ്രം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കീഴിലാണിത്.
മണ്ണിട്ടുമൂടാൻ നാട്ടുകാർ
റോഡിലെ കുഴി പലപ്പോഴും നാട്ടുകാരാണ് മണ്ണിട്ട് മൂടാറുള്ളത്. എം.എൽ.എ വികസന ഫണ്ടിൽ നിന്ന് റോഡ് നന്നാക്കാൻ മുൻപ് 15 ലക്ഷം രൂപ പാസായെങ്കിലും റോഡുപണി നടന്നില്ലെന്നാണ് ആരോപണം. പഞ്ചായത്ത് മുൻകൈയെടുത്താൽ റോഡിന്റെ വികസനം എളുപ്പം സാദ്ധ്യമാകും. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് മാതൃകയാക്കാൻ തരത്തിൽ രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള മാസ്റ്റർപ്ലാൻ, വിലങ്ങൻ ട്രക്കേഴ്‌സിന്റേയും ഡി.ടി.പി.സിയുടെയും സഹകരണത്തോടെ തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ തയാറാക്കിയിരുന്നു. ഇതിലും നടപടിയുണ്ടായില്ല.
നിത്യഹരിതം
വിലങ്ങൻ കുന്നിലെ 'അശോകവന'ത്തിൽ വിലങ്ങൻ ട്രെക്കേഴ്‌സ് ക്ലബ്ബ് ഒരു പതിറ്റാണ്ടിലേറെക്കാലമായി നട്ടുവളർത്തിയ ആയിരത്തിലേറെ മരങ്ങൾ പരിപാലിക്കാനായി അധികൃതർക്ക് സമർപ്പിച്ചിരുന്നു. 'ഓർമ്മക്കൊരു മരം ഭൂമിക്കൊരു മരം' എന്ന സന്ദേശവുമായി വിലങ്ങൻകുന്നിൽ 2008ൽ തുടക്കമിട്ട അശോകവനം പദ്ധതി ശ്രദ്ധേയമായിരുന്നു. നടത്തത്തിലൂടെ സൗഹൃദവും ആരോഗ്യവും പങ്കിടുന്നവരുടെ കൂട്ടായ്മയായ വിലങ്ങൻ ട്രെക്കേഴ്‌സാണ് പോയ വർഷങ്ങളിൽ മരങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കുന്നിലേക്ക് ആയിരക്കണക്കിനാളുകളെ എത്തിച്ചത്.
വിലങ്ങൻ സുന്ദരം
തൃശൂർ നഗര മേഖലയോട് ചേർന്ന ഏറ്റവും ഉയരം കൂടിയ ഭാഗമായതിനാൽ ഏറെ സുന്ദരം
തൃശൂർ നഗരം, കോൾ മേഖല, ഗ്രാമങ്ങൾ, പശ്ചിമഘട്ടം എന്നിവയുടെ സമഗ്രകാഴ്ച അപൂർവ്വം
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ബ്രിട്ടീഷ് സൈന്യത്തിന്റെ വാച്ച് ടവറായിരുന്നു
കുട്ടികളുടെ പാർക്ക്, വാച്ച് ടവർ, നടപ്പാതകൾ, ശിൽപ്പങ്ങൾ, വിശ്രമസ്ഥലങ്ങൾ എന്നിവയുമുണ്ട്
അടാട്ട് പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും റോഡ് പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നു. ഉടനെ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.
സി.വിജയരാജ്, ഡി.ടി.പി.സി സെക്രട്ടറി.