
തൃശൂർ: റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാൻ എ.ഡി.എം ടി.മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 26ന് തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ മന്ത്രി കെ.രാധാകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും. പൊലീസ്, എക്‌സൈസ്, ഫയർ, ഫോറസ്റ്റ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് ഉൾപ്പെടെയുള്ള യൂണിറ്റുകളും ബാൻഡ് ട്രൂപ്പുകളും അണിനിരക്കും. വൈകിട്ട് കോർപ്പറേഷൻ നടത്തുന്ന റിപ്പബ്ലിക് ദിന റാലിയിൽ എല്ലാ വകുപ്പുകളുടെയും സാന്നിദ്ധ്യമുണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു. 22, 23, 24 തീയതികളിൽ വൈകിട്ട് മൂന്നിനും 25നും 26നും രാവിലെ ഏഴിനും റിഹേഴ്‌സലുണ്ടാകും. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കും. ഭക്ഷണ വിതരണം, ആംബുലൻസ് സഹിതമുള്ള മെഡിക്കൽ സംഘം, പന്തൽ, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.