
തൃശൂർ: ബാലഭവൻ ജീവനക്കാർക്ക് എട്ട് മാസത്തെ കുടിശ്ശികയിൽ രണ്ട് മാസത്തേത് നൽകാൻ ധാരണയായെങ്കിലും ബാലഭവൻ ചെയർമാനായ കളക്ടർ സഹകരിച്ചില്ലെന്ന് ആരോപിച്ച് ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ. ഇന്നലെ രാവിലെ മുതലാണ് ബാലഭവന് മുമ്പിൽ സമരം തുടങ്ങിയത്. ശമ്പളം കിട്ടിയില്ലെങ്കിൽ സമരം നടത്തുമെന്ന് നോട്ടീസ് നൽകിയതിനെ തുടർന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ രണ്ട് മാസത്തെ ശമ്പളം നൽകി, ബാക്കി പോരാതെ വരുന്ന തുക ബാലഭവന്റെ തനത് ഫണ്ടിൽ നിന്ന് എടുക്കുന്നതിൽ കളക്ടർ വിയോജിച്ചുവെന്നാണ് ആരോപണം.
തുടർന്ന് മന്ത്രി കെ.രാജൻ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും കളക്ടറെ സമീപിച്ചപ്പോൾ തത്കാലം ഒരു മാസത്തെ ശമ്പളം എഴുതിയാൽ മതിയെന്ന് പ്രിൻസിപ്പലിനോട് നിർദ്ദേശിച്ചുവെന്നും ആരോപിക്കുന്നു. സാംസ്‌കാരിക വകുപ്പ് ഉത്തരവിട്ടാൽ ബാക്കി എഴുതിയാൽ മതിയെന്നും പറഞ്ഞുവത്രേ.
എട്ടുമാസമായി ശമ്പളമില്ലാതെ ജീവനക്കാർ ആത്മഹത്യയുടെ വക്കിലാണ്. പ്രമേഹത്തെ തുടർന്ന് ഒരു ജീവനക്കാരന്റെ ഇരുവിരലുകൾ മുറിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ജീവനക്കാർ വാടകവീട്ടിലാണ് താമസം. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണവും കുട്ടികളുടെ പഠനവും ബുദ്ധിമുട്ടിലായവരുമുണ്ട്. കൂടുതലും അദ്ധ്യാപകരായ തങ്ങളുടെ മനോനില തകർന്നുവെന്ന് ജീവനക്കാർ പറയുന്നു. കുട്ടികളും മുതിർന്നവരുമായി 400ൽ അധികം പേർ പഠനം നടത്തുന്ന സംസ്ഥാനത്തെ ഏക ബാലഭവനാണ് തൃശൂരിലേത്. 30 വർഷത്തിലധികമായി ജോലി ചെയ്യുന്നവരുമാണ്.
ചർച്ചയിൽ പറഞ്ഞത് 3 കാര്യങ്ങൾ
ബഡ്ജറ്റ് വിഹിതമായി അനുവദിക്കാനുള്ള അവസാന ഗഡു തുക അനുവദിച്ചു
ഇനി ആവശ്യമായ 2,88,000 രൂപ അഡിഷണൽ ഫണ്ട് അനുവദിക്കാൻ സർക്കാരിനോട് അപേക്ഷിക്കാം
നിലവിലെ ശമ്പള പ്രശ്‌നം ഒരു മാസത്തിനകം പരിഹരിക്കാം