തൃശൂർ: പാവറട്ടി പഞ്ചായത്തിലെ പൊതു ശ്മശാനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗത്തിലുണ്ടായ തീരുമാനപ്രകാരം സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഒരു മാസത്തിനകം പാവറട്ടി പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. പൊതു ശ്മശാനം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ജൂൺ 13 ന് പാവറട്ടി പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നത്. ശ്മശാന നിർമ്മാണത്തിനുള്ള പഞ്ചായത്തിന്റെ അപേക്ഷ പുന:പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ അപേക്ഷ ലഭിച്ചാൽ ഇത് സംബന്ധിച്ച് നിയമാനുസൃതമായി തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ കമ്മിഷനെ അറിയിച്ചു. റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് വിഷയം പഠിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ശ്മശാനം നിർമ്മിക്കാൻ പുതിയ അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു.
അപേക്ഷ പുനർ സമർപ്പിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിലുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്. കേസ് ഫെബ്രുവരിയിൽ പരിഗണിക്കും. പാവറട്ടി സ്വദേശി ശ്രീനിവാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി.