kaumudi

തൃശൂർ : വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യത്തിന് വെറ്ററിനറി സർവകലാശാല അധികൃതർ മുട്ടുമടക്കി. അമ്പതിലേറെ ദിവസം പൂട്ടിക്കിടന്ന വിദ്യാർത്ഥികൾക്കുള്ള മെസ് തുറന്നു. വിദ്യാർത്ഥികളുടെ ദുരിതം ചൂണ്ടിക്കാട്ടി ' കേരള കൗമുദി വാർത്ത' പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ തുറന്ന് പ്രവർത്തിച്ചത്.

കുടിശികയെ തുടർന്നായിരുന്നു മെസ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളും സർവകലാശാലാ ഉദ്യോഗസ്ഥരുമടങ്ങുന്ന കമ്മിറ്റിയാണ് മെസ് നടത്തിയിരുന്നത്. എന്നാൽ പതിനെട്ട് ലക്ഷത്തോളം രൂപ കുടിശിക വന്നതോടെ മെസ് പൂട്ടി. തുക പിരിച്ചെടുക്കുന്നതിൽ സർവകലാശാല നിയോഗിച്ച ഉദ്യോഗസ്ഥൻ വരുത്തിയ വീഴ്ച്ചയാണ് പ്രതിസന്ധിക്ക് വഴിവച്ചത്. ഇതോടെ ദിവസവും വലിയ വില കൊടുത്ത് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണ്. ദിവസവും എഴുന്നൂറോളം പേരാണ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നത്. വിദ്യാർത്ഥികളിൽ നിന്നും സർക്കാരിൽ നിന്നും മെസ് ഇനത്തിൽ ലഭിക്കാനുള്ള തുകയും കിട്ടാതായതോടെയാണ് പ്രവർത്തനം നിലച്ചത്.

രക്ഷിതാക്കൾ ഒന്നടങ്കം വിഷയത്തിൽ ഇടപെട്ടു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് മൂലം പലർക്കും 1,500 രൂപ മുതൽ 2,000 രൂപ വരെ അധികം ചെലവായിരുന്നു. പതിനെട്ട് ലക്ഷം രൂപയിൽ ഡയറി ഫാം വിഭാഗത്തിലെ വിദ്യാർത്ഥികളുടെ മൂന്ന് ലക്ഷത്തോളം രൂപയുടെ കുടിശികയുണ്ട്. നവംബർ പകുതിയോടെയാണ് കാന്റീൻ പൂട്ടിയത്. എന്നാൽ കുടിശികയിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയിൽ നാല് ലക്ഷത്തോളം രൂപ ലഭിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ കുടിശികയിൽ നിന്നുള്ളത് ഒരു പരിധി വരെയും പിരിച്ചെടുത്തിരുന്നു.