ch

ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം.

ചേർപ്പ് : സി.എൻ.എൻ വാദ്യകലാസദനത്തിൽ മേളകലാനിധി പെരുവനം സതീശൻ മാരാരുടെ മേൽനോട്ടത്തിൽ പെരുവനം യദു എസ്. മാരാരുടെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച 17 വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം സി.എൻ.എൻ ബോയ്‌സ് ഹൈസ്‌കൂൾ അങ്കണത്തിൽ നാദ വിസ്മയമായി. വാദ്യകലയിലെ പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, പെരുവനം പ്രകാശൻ മാരാർ, പെരുവനം ശങ്കരനാരായണൻ മാരാർ, ചെറുശ്ശേരി ശ്രീകുമാർ മാരാർ എന്നിവർ പങ്കെടുത്തു. സി.എൻ.എൻ ബോയ്‌സ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ എ.ആർ. പ്രവീൺകുമാർ, എം.കെ. പ്രസാദ് മാസ്റ്റർ തുടങ്ങിയവരും സന്നിഹിതരായി. പെരുവനം കുട്ടൻ മാരാരും പെരുവനം സതീശൻ മാരാരും ചേർന്ന് ദീപം തെളിച്ചു. മേളത്തിൽ ഉരുട്ടുചെണ്ടയിൽ പ്രമാണിയായി ചെറുശ്ശേരി അർജുൻ എസ്. മാരാർ, വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, ഇലത്താളത്തിൽ കുമ്മത്ത് നന്ദൻ, കുറുംകുഴലിൽ കൊമ്പത്ത് അനിൽകുമാർ, കുമ്മത്ത് രാമൻ നായർ തുടങ്ങിയ മേള പ്രമാണിമാരും പങ്കെടുത്തു. മേളത്തിൽ പങ്കെടുത്ത പകുതിയോളം കലാകാരന്മാർ സി.എൻ.എൻ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണെന്നുള്ളതാണ് അരങ്ങേറ്റത്തിലെ പ്രത്യേകത.