
തൃശൂർ: ആരോഗ്യ ഇൻഷ്വറൻസ് രംഗത്ത് നിലനിൽക്കുന്ന ചൂഷണവും തട്ടിപ്പും നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണമെന്ന് ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജന്റ്‌സ് അസോസിയേഷൻ (എ.കെ.പി.ജി.ഐ.എ.എ) ഭാരവാഹികൾ ആവശ്യപ്പെട്ടു. നഷ്ടക്കണക്ക് പടച്ചുണ്ടാക്കി രാജ്യത്ത് പ്രവർത്തിക്കുന്ന ഇൻഷ്വറൻസ് കമ്പനികൾ യുക്തിരഹിതമായി പ്രീമിയം വർദ്ധിപ്പിക്കുകയാണ്. ഇതുമൂലം സാധാരണക്കാർ ഇൻഷ്വറൻസിൽ നിന്ന് പുറത്തുപോകുകയാണ്. ഇതിന് പുറമേ അനാവശ്യ നിബന്ധനകൾ ചൂണ്ടിക്കാട്ടി ആനുകൂല്യം വെട്ടിക്കുറയ്ക്കുന്ന രീതിയുമുണ്ട്. സ്വകാര്യ ജനറൽ ഇൻഷ്വറൻസ് കമ്പനികളിൽ പ്രവർത്തിക്കുന്ന സർവീസ് ഏജന്റുമാരുടെ സംഘടനയായ എ.കെ.പി.ജി.ഐ.എ.എയുടെ ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ 10 ന് തൃശൂർ ഐ.എം.എ ഹാളിൽ നടക്കും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.