പാവറട്ടി: ദേശത്തിന്റെ ഉൾപ്പൊരുളുകൾ സൈബറിടത്തിൽ നിന്ന് പുസ്തക രൂപത്തിലാക്കി പുതുതലമുറയ്ക്ക് പകരുകയാണ് ഷെരീഫ് ബാബുവിന്റെ 'ഹൃദയപൂർവ്വം പാടൂർ ' പ്രാദേശിക ചരിത്ര രചന. താൻ ജനിച്ചു വളർന്ന നാടിന്റെ ജനജീവിത ചരിത്രവും നാൾവഴികളും സമകാലിക അവസ്ഥാന്തരങ്ങളും തുടങ്ങിയ എഴുത്തുകൾക്ക് ഇടയായത് ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമ പ്രതലം. ആഗോള പൗരൻ എന്ന അലങ്കാരഭാഷയ്ക്കപ്പുറം ഒരു പ്രവാസിയുടെ ഗൃഹാതുരവും ചരിത്രബോധവും ഉൾപ്പെടുത്തിയ രചന. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർ എന്ന ഗ്രാമത്തെക്കുറിച്ചും ജന സംസ്‌കൃതിയെക്കുറിച്ചും വൈജ്ഞാനിക വിദ്യാഭ്യാസ ആത്മീയ കലാ പാരമ്പര്യത്തെ കുറിച്ചും ചരിത്ര രചനയുടെ സവിശേഷതകളാണ്.
ഏകദേശം 400 വർഷത്തിലധികം പഴക്കമുള്ള പാടൂർ മഹല്ല് പള്ളിയും മത വൈജ്ഞാനിക ആത്മീയ ഔന്നത്യത്തിന്റെ പ്രകാശമാനമായ ചരിത്രവും വ്യക്തതയോടെ രേഖപ്പെടുത്തി തുടങ്ങുകയാണ്. കേരളീയ മുസ്ലിം നവോത്ഥാനം, പ്രാദേശികമായ മത വിദ്യാഭ്യാസ സാംസ്‌കാരിക വിനിമയങ്ങൾ, മേൽ കീഴ് വ്യത്യാസമില്ലാതെ നാട്ടിൽ പുലർന്ന ജന സംസ്‌കൃതിയുടെ ഈട് വെയ്പ്പുകൾ, കാർഷിക വ്യവസായിക വികസന നാൾവഴികൾ, ദേശത്തെ ആദ്യത്തെ ഗ്രാജുവേറ്റ് ആയ കാലടിയിൽ അബ്ദുള്ളക്കുട്ടി സാഹിബിനെക്കുറിച്ചും അങ്ങനെ കാലാന്തരത്തിൽ കഥകളായും വസ്തുതയായും തിട്ടപ്പെടുത്താനാകാതെ പോകുന്ന ദേശത്തിന്റെ നേരുകളെ പുതുതലമുറയ്ക്ക് ആവേശത്തോടെ ഉൾക്കൊള്ളാൻ പാകപ്പെടുത്തിയിരിക്കുകയാണ് ഈ രചന.