കൊടുങ്ങല്ലൂർ : നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചന്തപ്പുര മുതൽ തെക്കെ നട വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ബൈപാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കുരുക്ക് ഉണ്ടായിട്ടുള്ളത്. അടിയന്തര ആവശ്യങ്ങൾക്ക് അടുത്ത സ്ഥലത്ത് എത്താൻ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വഴിയിൽ കിടക്കേണ്ട അവസ്ഥയാണുള്ളത്. പതിനാലു മുതൽ ശ്രീകരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയാണ്. നിരവധി ഭക്തർ എത്തുമ്പോൾ നഗരം ഗതാഗത സ്തംഭനം മൂലം വീർപ്പ് മുട്ടുകയും ചെയ്യും. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് പണി നടക്കുന്ന ബൈപാസിന്റെ ഒരു ഭാഗം തുറന്ന് കൊടുക്കണമെന്ന് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് പരിഹാരമില്ലെങ്കിൽ 13ന് ശക്തമായ സമര പരിപാടിക്ക് കോൺഗ്രസ് രൂപം നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, നഗരസഭാ കൗൺസിലർ വി.എം. ജോണി എന്നിവർ അറിയിച്ചു.