കാഞ്ഞാണി: മണലൂരിൽ എൽ.ഡി.എഫ്-ബി.ജെ.പി അംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കേണ്ട മെറ്റീരിയൽ പ്രവൃത്തികൾ രണ്ട് വർഷമായി മണലൂർ പഞ്ചായത്തിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ടെൻഡർ നടപടികളിൽ ഉണ്ടായ വീഴ്ചയാണ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വന്നതിന് കാരണമെന്നും മെമ്പർമാരെ വിഡ്ഢികളാക്കുന്ന നിലപാടാണ് സെകട്ടറിയും പ്രസിഡന്റും ഈ വിഷയത്തിൽ സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. ഒരോ കമ്മറ്റികൾ വരുമ്പോഴും അടുത്ത കമ്മിറ്റിയിൽ ശരിയാകുമെന്ന് പറഞ്ഞ് മെമ്പർമാരെ പറ്റിക്കുകയാണെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ പറഞ്ഞു. മാലിന്യമുക്ത കേരളവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസ് ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണെന്നും ഭരണ സമിതി അനുവാദമില്ലാതെയാണ് നോട്ടീസ് വിതരണം ചെയ്തതെന്നും നോട്ടീസ് തയ്യാറാക്കിയവരുടെ പേരോ ഡെസിഗനേഷനോ വയ്ക്കാതെ നോട്ടീസ് വിതരണം ചെയ്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. എൽ.ഡി.എഫ് അംഗങ്ങളായ ഷേളി റാഫി, ഷാനി അനിൽകുമാർ, ധർമ്മൻ പറത്താട്ടിൽ, സിമി പ്രദീപ്, ബിന്ദു സതീഷ്, സിജു പച്ചാംമ്പുള്ളി ബി.ജെ.പി അംഗങ്ങളായ രതീഷ് കൂനത്ത്, മിനി അനിൽകുമാർ, കൃഷ്‌ണേന്ദു സിജിത്ത് എന്നിവരാണ് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.