തൃശൂർ: മണിനാടൻ കോൾപ്പാടത്തേക്കുള്ള ഉപകനാലിലെ വെള്ളത്തിൽ മാലിന്യം കലർന്ന് കരിനിറമായതോടെ കർഷകർ പ്രതിസന്ധിയിൽ. ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ കൃഷി നശിക്കുമെന്നാണ് ആശങ്ക. ജനുവരിയിൽ ജലക്ഷാമമുണ്ടാകുമ്പോൾ കനാൽവെള്ളമാണ് അടിക്കാറുള്ളത്. രണ്ടാംവളം നൽകേണ്ട സമയത്താണ് ഇപ്പോൾ പ്രതിസന്ധി.
കരിവെള്ളം അടിച്ചാൽ കൃഷി നശിക്കാം. കിണറുകളിലും മറ്റും മാലിന്യം കലരും. വളമിട്ട ശേഷം വെള്ളമില്ലാതായാലും നെൽച്ചെടി കരിയും. മൂന്ന് ദിവസം മുമ്പാണ് തൃശൂർ നഗരമാലിന്യം കനാലിൽ എടിഞ്ഞത് ശ്രദ്ധയിൽപെട്ടത്. ആശുപത്രി, ഹോട്ടൽ, ശക്തൻ മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ മാലിന്യം മഴയിലാണ് ഒലിച്ചെത്തിയതെന്നാണ് നിഗമനം. കോർപറേഷന് അയ്യന്തോൾ കൃഷി ഓഫീസർ പരാതി നൽകിയിട്ടുണ്ട്.
ലാലൂർ, അരണാട്ടുകര, കാര്യാട്ടുകര, എൽത്തുരുത്ത് പാടശേഖരം ഉൾപ്പെടുന്നതാണ് മണിനാടൻ കോൾപടവ്. രണ്ടര കിലോമീറ്ററോളം കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എൽ.ഡി.സി) കനാൽ വഴിയാണ് വെള്ളം എത്തിക്കുന്നത്. ഒന്നര കിലോമീറ്ററോളം കുളവാഴ നിറഞ്ഞതിനാൽ മോട്ടോർ അടിക്കാനാകാത്ത സ്ഥിതി നേരത്തേയുണ്ടായിരുന്നു.
മാരാർപടവ്, പുല്ലഴി വഴി കാഞ്ഞാണിക്ക് പോകുന്ന കനാലിനരികിൽ ഉള്ളവർക്ക് ചീർപ്പ് തുറന്നാൽ വെള്ളമെത്തും. മണിനാടൻ കോൾപടവിൽ അരണാട്ടുകര ബോട്ട് ചാൽ വഴി ലാലൂർ കാർത്യായനി ക്ഷേത്രത്തിന് മുമ്പിലുള്ള മോട്ടോർ ഷെഡ് വരെ വെള്ളം എത്തിച്ച് പമ്പ് ചെയ്യേണ്ടതുണ്ട്. ചിമ്മിനി ഡാമിലെ വെള്ളമാണ് കനാൽവഴി കിട്ടുന്നത്. രണ്ടാഴ്ച മുമ്പ് ഡാംവെള്ളം നിന്നു.
ഓലക്കടയിലും മാലിന്യം
ഓലക്കട കോൾപ്പടവിലും മലിനജല ഭീഷണിയുണ്ട്. മണിനാടൻ പടവിലേതു പോലെ രൂക്ഷമല്ലാത്തതിനാൽ കർഷകർ ആ വെള്ളം തന്നെ ഉപയോഗിക്കുന്നതായാണ് വിവരം. കൃഷിയെ ബാധിച്ചേക്കുമെങ്കിലും മറ്റ് നിവൃത്തിയില്ലെന്ന് കർഷകർ പറഞ്ഞു.
മുമ്പും മാലിന്യപ്രശ്‌നം
മൂന്ന് വർഷം മുമ്പ് അമ്മാടം, കോടനൂർ മേഖലയിലും കനാലിൽ മാലിന്യം നിറഞ്ഞിരുന്നു. കളക്‌ടറും കോർപറേഷൻ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഉൾപ്പെടെ അന്ന് നടത്തിയ പരിശോധനയിൽ നഗരമാലിന്യമാണ് ഒലിച്ചെത്തിയതെന്ന് കണ്ടെത്തിയിരുന്നു.
കരിവെള്ളം അടിച്ചാൽ കൃഷി നശിക്കും. പുറത്തേക്ക് കളയാനും മാർഗ്ഗമില്ല. കൃഷി ഓഫീസറെയും എം.എൽ.എയെയും വിവരമറിയിച്ചിട്ടുണ്ട്.- കെ.ജി. ഉണ്ണിക്കൃഷ്ണൻ, പ്രസിഡന്റ്, മണിനാടൻ കോൾപ്പടവ്
എങ്ങനെ പരിഹരിക്കാമെന്നറിയാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കത്ത് നൽകും. മാലിന്യം നീക്കുന്നതിന്റെ സാദ്ധ്യത ആരായുന്നുണ്ട്.
- ശരത് മോഹൻ, കൃഷി ഓഫീസർ, അയ്യന്തോൾ