 
തൃശൂർ: രണ്ടു മാസത്തെ ശമ്പള കുടിശ്ശിക നൽകാമെന്ന അധികൃതരുടെ ഉറപ്പിൽ തൃശൂർ ജവഹർ ബാലഭവൻ ജീവനക്കാർ വ്യാഴാഴ്ച തുടങ്ങിയ അനിശ്ചിതകാല സമരം ഇന്നലെ പിൻവലിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടറും ബാലഭവൻ ചെയർമാനുമായ കളക്ടറും നൽകിയ ഉറപ്പിലാണിത്. നിലവിൽ എട്ട് മാസത്തെ കുടിശ്ശികയുണ്ട്.
രണ്ട് മാസത്തെ കുടിശ്ശിക നൽകാമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടറുമായി നേരത്തേ നടന്ന ചർച്ചയിൽ ഉറപ്പ് ലഭിച്ചെങ്കിലും തികയാതെ വരുന്ന 1.79 ലക്ഷം ബാലഭവന്റെ തനത് ഫണ്ടിൽ നിന്ന് എടുക്കുന്നതിൽ കളക്ടർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ജീവനക്കാർ സമരം തുടങ്ങിയത്. ബാക്കി ആറ് മാസത്തെ ശമ്പളം ലഭിക്കാൻ സർക്കാർ അഡീഷണൽ ഗ്രാന്റ് അനുവദിക്കുമന്നാണ് വിവരം.
ഒമ്പത് താത്കാലിക ജീവനക്കാർക്ക് തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകുന്നുണ്ട്. 11 സ്ഥിരം ജീവനക്കാർക്ക് സർക്കാർ ഗ്രാന്റ് ലഭിച്ചെങ്കിലേ ശമ്പളം കിട്ടൂ. എട്ട് മാസത്തെ ശമ്പളം നൽകാൻ സർക്കാരിൽ നിന്ന് ലഭിക്കേണ്ടത് 28.8 ലക്ഷമാണ്. ഇത് സംബന്ധിച്ച ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്.