sreya
ശ്രേയ.പി.സിജു

തൃശൂർ : മിന്നുമണിക്ക് പിന്നാലെ കേരളത്തിൽ നിന്ന് വനിതാ ക്രിക്കറ്റിൽ പുത്തൻ താരോദയമായി പതിന്നാലുകാരി ശ്രേയ.പി സിജു. അണ്ടർ 15 തലത്തിലെ മിന്നും പ്രകടനത്തോടെ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് താരം. കഴിഞ്ഞമാസം ഛത്തീസ്ഗഢിൽ നടന്ന അണ്ടർ 15 മത്സരത്തിൽ ത്രിപുരയ്‌ക്കെതിരെ ഏകദിന ചാമ്പ്യൻഷിപ്പിൽ ഓപ്പണറായി ഇറങ്ങി പുറത്താകാതെ 26 ഫോറും 1 സിക്സും ഉൾപ്പെടെ 171 റൺസ് നേടിയാണ് താരം ദേശീയ ശ്രദ്ധ നേടിയത്. മത്സരത്തിൽ 262 റൺസിനാണ് ത്രിപുരയെ കേരളം പരാജയപ്പെടുത്തിയത്. ചാമ്പ്യൻഷിപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി 303 റൺസ് നേടി. 2022 ലാണ് ആദ്യമായി സംസ്ഥാന ടീമിലേക്ക് സെലക്ഷൻ കിട്ടിയത്. ട്വന്റി-20യിലും മികച്ച പ്രകടനം കാഴ്ചവച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരൻ ആൽവിന് ഒപ്പം ക്രിക്കറ്റിലേക്ക് തിരിഞ്ഞ ശ്രേയ കഠിനമായ പരീശീലനത്തിലൂടെയാണ് ഉയരങ്ങൾ കീഴടക്കുന്നത്. മാർച്ചിൽ നടക്കുന്ന അണ്ടർ 15 ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്.തൃശൂരിനടുത്ത് മുണ്ടൂരിലെ ആത്രേയ ക്രിക്കറ്റ് അക്കാഡമിയിലാണ് പരിശീലനം. ദിനേഷ് ഗോപാലകൃഷ്ണനാണ് ആദ്യ പരിശീലകൻ. പി.ബാലചന്ദ്രൻ, ഹൈദരാലി എന്നിവരുടെ ശിക്ഷണവും ലഭിച്ച് വരുന്നു. മറ്റം സ്‌കൂളിലെ അദ്ധ്യാപകനായ പനയ്ക്കൽ സിജു പി.ജോണിന്റെയും ധന്യയുടെയും മകളാണ്. കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരനും ക്രിക്കറ്റ് താരമാണ്.


വിക്കറ്റ് കീപ്പിംഗിലും മിടുക്കി

ബാറ്റിംഗിന് ഒപ്പം വിക്കറ്റ് കീപ്പിംഗിലും മികവ് പുലർത്തിയ ആളാണ് ശ്രേയ. ഛത്തീസ്ഗഡിലെ ചാമ്പ്യൻഷിപ്പിൽ മികച്ച ക്യാച്ചുകളുമായി മനംകവരാനുമായി.


ഇന്ത്യൻ ടീമിൽ കളിക്കണമെന്നാണ് ആഗ്രഹം. അതിന് സാധിക്കുമെന്നാണ് വിശ്വാസം. ഛത്തീസ്ഗഡിലെ പ്രകടനം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

ശ്രേയ പി.സിജു.