rod

തൃശൂർ: അടുത്ത കൊല്ലത്തോടെ ദേശീയപാത പൂർണമായി വിപുലീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമാകും കേരളമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരി കുറ്റുമുക്ക് റോഡ് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിപുലമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ തുക കേരളത്തിൽ ഭൂമി ഏറ്റെടുക്കാൻ നൽകണം.

ഏറ്റെടുക്കുന്ന ഭൂമിക്ക് 25 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കാൻ കേന്ദ്രസർക്കാരിനോട് സന്നദ്ധത പ്രകടിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം. ആറായിരം കോടിയോളമാണ് ഭൂമി ഏറ്റെടുക്കാൻ വേണ്ടിവരിക. രണ്ട് കോടി ചെലവിൽ അഞ്ച് വർഷത്തെ ഗ്യാരണ്ടിയോടെയാണ് നിർമ്മാണം. ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് കോർപ്പറേഷൻ പരിധിയിലെ എല്ലാ റോഡും പൊതുമരാമത്ത് റോഡും ബി.എം.ബി.സി ആക്കും. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി വികസനോന്മുഖമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. വില്ലടം, രാമവർമ്മപുരം ഉൾപ്പെടെയുള്ള മേഖലകളിലൂടെ വടക്കാഞ്ചേരി-മണ്ണുത്തി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡാണ് നെട്ടിശ്ശേരി കുറ്റുമുക്ക്. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കരോളിൻ പെരിഞ്ചേരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർമാരായ സുഭി സുകുമാർ, രേഷ്മ ഹെമേജ് തുടങ്ങിയവർ പങ്കെടുത്തു.