human

തൃശൂർ : പി.എം.എ.വൈ പദ്ധതി ഗുണഭോക്താവായിരുന്ന അമ്മയുടെ റേഷൻകാർഡിൽ പേര് ഉൾപ്പെട്ടതിന്റെ പേരിൽ വിവാഹമോചിതയും ശാരീരിക വെല്ലുവിളി നേരിടുകയും ചെയ്യുന്ന മകളെ ലൈഫ് പദ്ധതിയിൽ നിന്നും ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരിക്ക് 2021 ഫെബ്രുവരി മുതൽ പുതിയ റേഷൻ കാർഡുണ്ടെന്നും ഇത് പരിഗണിച്ച് അർഹതാ മാനദണ്ഡം പുന:പരിശോധിക്കണമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശിച്ചു. 2021 ഫെബ്രുവരി വരെയുള്ള റേഷൻ കാർഡാണ് ലൈഫ് മിഷൻ പദ്ധതിയുടെ അർഹതയ്ക്കായി പരിഗണിച്ചതെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. പുന്നയൂർക്കുളം പുന്നൂക്കാവ് സ്വദേശിനി എം.ആർ.ലത സമർപ്പിച്ച പരാതിയിലാണ് നടപടി. ലൈഫ് ഭവന പദ്ധതിക്ക് അർഹതയുണ്ടെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.