കൊടുങ്ങല്ലൂർ : താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം യുവതിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഡോക്ടർക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിലെത്തിയ യുവതിയോടും ബന്ധുക്കളോടും ചികിത്സിച്ച ഡോക്ടർ മര്യാദയില്ലാത്ത ഭാഷയിലാണ് സംസാരിച്ചത്. രണ്ടാമത് പരിശോധിക്കാൻ പോലും തയ്യാറായില്ലായെന്നത് സംഭവത്തിന്റെ ഗൗരവം വലുതാണ്. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്ന യുവതിക്ക് ലക്ഷങ്ങളാണ് ചെലവായിട്ടുള്ളത്. ഈ ഡോക്ടറെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത് മാറ്റി നിറുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘടനാബലം കാണിച്ച് ഒത്തുകളിക്കാനാണ് ഭാവമെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഇ.എസ്. സാബു അദ്ധ്യക്ഷനായി. കെ.പി. സുനിൽകുമാർ, സനിൽ സത്യൻ, ഒ.വി. റോയ്, കെ.എസ്. കമറുദ്ദീൻ, സുനിൽ കളരിക്കൽ, സുജ ജോയ് എന്നിവർ പ്രസംഗിച്ചു.