കൊടുങ്ങല്ലൂർ : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ബൈപാസിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ പേരിൽ ഇതുവഴിയിലൂടെയുള്ള വാഹനഗതാഗതം തടഞ്ഞത് മൂലം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാകുന്നു. രണ്ടാഴ്ചയായി ബൈപാസിലൂടെയുള്ള ഗതാഗതം തടഞ്ഞിട്ട്. സംഭവത്തിൽ കളക്ടർ ഇടപെടണമെന്ന് രാഷ്ട്രീയ പാർട്ടികൾ പലതും ആവശ്യപ്പെട്ടിട്ടും ഇതുവരെയായിട്ടും പ്രശ്‌നത്തിന് പരിഹാരമുണ്ടായിട്ടില്ല. ദേശീയാപാത കരാർ എടുത്ത കമ്പനി സ്വന്തം നിലയിൽ വാഹന ഗതാഗതം തിരിച്ചു വിടുന്നതായാന്ന് കണ്ടുവരുന്നത്. ബൈപാസിന് തെക്കുഭാഗത്തും വടക്കുഭാഗത്തും ഇത്തരം നിർമ്മാണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവിടെയൊന്നും ഇതുപോലെ ഗതാഗതം തടഞ്ഞിട്ടില്ല. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങുമ്പോൾ ഭക്തരുടെയും വാഹനങ്ങളുടെയും തിരക്ക് സ്വാഭാവികമായും വർദ്ധിക്കും. ഗതാഗതം നിയന്ത്രിച്ചില്ലെങ്കിൽ നഗരം അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുമെന്ന് ഉറപ്പാണ്. ടോൾ പ്ലാസ ഒഴിവാക്കുന്നതിനായും ഭാര വാഹനങ്ങൾ ഇതുവഴി തിരിഞ്ഞു പോകുന്നുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊടി പടലങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ കമ്പനി സ്വീകരിക്കാത്തതു മൂലം യാത്രക്കാർ, പരിസരത്തെ കച്ചവട സ്ഥാപനങ്ങൾ, താമസക്കാർ തുടങ്ങിയവർ നിരവധിയായ പ്രശ്‌നങ്ങൾ നേരിടുകയാണ്. ചന്തപ്പുരയിൽ പൊടിപടലം മൂലം ഒരു ഓട്ടോറിക്ഷ സ്റ്റാൻഡ് തന്നെ ഇല്ലാതായ സ്ഥിതിയാണ്.
റോഡ് നിർമ്മാണത്തിന് തടസമാകാത്ത വിധം ബൈപാസിലൂടെ വാഹനങ്ങൾ പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർമ്മാണക്കമ്പനിക്ക് നിർദ്ദേശം നൽകണമെന്ന് കൺസ്യൂമേഴ്‌സ് ഫോറം കമ്മിറ്റി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത് അദ്ധ്യക്ഷനായി. സി.എസ്. തിലകൻ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, പ്രൊഫ. സുലേഖ ഹമീദ്, ശ്രീകുമാർ ശർമ്മ, പി.ആർ. ചന്ദ്രൻ, പ്രൊഫ. കെ. അജിത, കെ.കെ. മൊയ്തീൻകുട്ടി, എം.കെ. സഗീർ എന്നിവർ സംസാരിച്ചു.