കൊടുങ്ങല്ലൂർ: ശബരിമല തീർത്ഥാടകർക്കായി കേരള ക്ഷേത്ര സംരക്ഷണ സമിതിയും സേവാഭാരതിയും ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടത്തിയിരുന്ന സേവന പ്രവർത്തനങ്ങൾ സമാപിച്ചു. കഴിഞ്ഞ 32 വർഷക്കാലം പ്രവർത്തിച്ചിരുന്ന അയ്യപ്പ വിശ്രമകേന്ദ്രത്തിന് ദേവസ്വം ബോർഡ് ഈ വർഷം അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്ന് ക്ഷേത്ര സംരക്ഷണ സമിതിയും സേവാഭാരതിയും വിവിധ ഹൈന്ദവ സംഘടനകളെ സംയോജിപ്പിച്ച് വടക്കെ നടയിൽ പകൽ ദാഹജല വിതരണവും വൈകിട്ട് കഞ്ഞി വിതരണവും തെക്കെ മൈതാനിയിൽ പ്രഭാത ഭക്ഷണവും വിതരണം ചെയ്തു. 41 ദിവസങ്ങളിലായി നടത്തിയ സേവനം ആയിരകണക്കിന് ഭക്തർക്ക് ഉപകാരപ്രദമായി. പ്രതികൂല സാഹചര്യമായിരുന്നിട്ടും 41 ദിവസം അയ്യപ്പഭക്തർക്ക് സേവനം നൽകാനായെന്ന് ക്ഷേത്ര സംരക്ഷണ സമിതി മേഖലാ സെക്രട്ടറി സി.എം. ശശീന്ദ്രൻ, സേവാഭാരതി പ്രസിഡന്റ് രാജു ഈശ്വരമംഗലത്ത്, അയ്യപ്പ വിശ്രമകേന്ദ്രം ചെയർമാൻ ബൈജു എരുമതുരുത്തി, കൺവീനർ സി. പരമേശ്വരൻ, ജോ.കൺവീനർ ഇ.എസ്. സഞ്ജു എന്നിവർ അറിയിച്ചു.