court

തൃശൂർ : ഗ്രൂപ്പ് പോരിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ കൊല്ലപ്പെട്ട കേസിൽ തെളിവുകളുടെ അഭാവത്തിൽ 9 പ്രതികളെയും അഡി. സെഷൻസ് കോടതി ജഡ്ജി ടി.കെ.മിനിമോൾ വെറുതെവിട്ടു. അയ്യന്തോൾ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് വെറുതെവിട്ടത്.

പത്ത് പ്രതികളാണ് ആകെയുണ്ടായിരുന്നത്. ഇതിൽ രാജേഷ് എന്നയാൾ വിചാരണയ്ക്കിടെ മരിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള പ്രധാന സാക്ഷികളെ 2015ൽ വിസ്തരിച്ചിരുന്നു. ഇതിൽ മൂന്നുപേർ പ്രൊസിക്യൂഷന് എതിരായാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയത്. ഇതിനിടെ ലാൽജിയുടെ ഭാര്യ നൽകിയ ഹർജിയിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഒരു സാക്ഷികളെ പോലും കണ്ടെത്താനായില്ല.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് 2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാൽജിയെ വെട്ടിക്കൊലപ്പെടുത്തിയത്. അയ്യന്തോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയർമാനുമായിരുന്നു ലാൽജി കൊള്ളന്നൂർ. ഏപ്രിലിൽ നടന്ന യൂത്ത് കോൺഗ്രസ് അയ്യന്തോൾ തിരഞ്ഞെടുപ്പ് തർക്കത്തിനെ തുട‌ർന്ന് യൂത്ത് കോൺഗ്രസ് നേതാവ് മധു ഈച്ചരത്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി പ്രേംലാൽ എന്ന പ്രേംജിയുടെ ജ്യേഷ്ഠനാണ് ലാൽജി. ഐ ഗ്രൂപ്പുകാരായിരുന്ന മധുവും ലാൽജിയും യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്പരം തെറ്റുകയായിരുന്നു. മധുവിന്റെ നോമിനിക്കെതിരെ മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ മധുവും സംഘവും ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മധുവിനെ കൊലപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ലാൽജിക്ക് നേരെയുണ്ടായ ആക്രമം. ലാലൂരിൽ താമസിച്ചിരുന്ന ലാൽജി, മാതാപിതാക്കളെ കാണാനായി അയ്യന്തോളിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതിഭാഗത്തിനായി അഡ്വ.വാസവൻ, അഡ്വ.സി.ബി.സംഗീത്, കെ.എൻ.അജയകുമാർ, വി.ആർ.ജ്യോതിഷ് എന്നിവർ ഹാജരായി.