തൃശൂർ: വിവേകാനന്ദ ദർശനങ്ങൾ കാലാതീതമായി യുവതലമുറകൾക്ക് പുതിയ ദിശാബോധം നൽകുന്നതാണെന്ന് പി.ബാലചന്ദ്രൻ എം.എൽ.എ. യുവജന ദിനത്തിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവേകാനന്ദ സ്മൃതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ വൈവിദ്ധ്യങ്ങളെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും സംസ്ഥാനങ്ങളെ കുറിച്ചുമെല്ലാം പരാമർശിച്ച വിവേകാനന്ദൻ അയോദ്ധ്യയെക്കുറിച്ച് എവിടെയും സൂചിപ്പിച്ചിട്ടില്ലെന്ന് സ്വാമി പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ലിനി ഷാജി, ടി. പ്രദീപ്കുമാർ,ടി.പി. സുനിൽ, വി.കെ. വിനീഷ്, കനിഷ്‌കൻ വല്ലൂർ എന്നിവർ പ്രസംഗിച്ചു.