1

തൃശൂർ: 2013. ഗാന്ധിയൻ ആദർശത്തിന്റെയും അഹിംസാവാദികളുടെയും പിൻമുറക്കാരെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ കറുത്ത നാളുകൾ, കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും കൊണ്ട് പിടിച്ചുലച്ച വർഷം. മൂന്നു മാസത്തിനകം നടന്നത് രണ്ട് കൊലപാതകവും ഒരു കൊലപാതക ശ്രമവും. ഐ ഗ്രൂപ്പുകാരായ മധുവും ലാൽജിയും യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കാലത്ത് പരസ്പരം തെറ്റിയതാണ് കൊലപാതക പരമ്പരകളിലേക്ക് നയിച്ചത്.

കോൺഗ്രസിന്റെ ഉന്നത നേതാക്കളും അവരുടെ പങ്കും ഉന്നയിക്കപ്പെട്ടതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വൻവിവാദമായി. മധു കൊല്ലപ്പെട്ടത് ഭാര്യയുമായി ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു. മാതാപിതാക്കളെ കാണാൻ എത്തിയപ്പോഴായിരുന്നു ലാൽജി കൊലക്കത്തിക്ക് ഇരയായത്. മധുവിന്റെ കൊലപാതത്തിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ ലാൽജിയുടെ കൊലപാതകത്തിൽ പ്രതികളെ വെറുതെ വിട്ടു.


ആദ്യം കൊലപാതക ശ്രമം

യൂത്ത് കോൺഗ്രസിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച മധു ഈച്ചരത്തും ലാൽജി കൊള്ളന്നൂരും സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് കൊലപാതത്തിലേക്ക് വഴിവച്ചത്. മധുവിന്റെ നോമിനിക്കെതിരെ പ്രേംജി മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ വീട്ടിൽ കയറി മധുവും സംഘവും ആക്രമിച്ചിരുന്നു. ഇതോടെ അയ്യന്തോളിൽ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും കലാപം പൊട്ടിപുറപ്പെട്ടു. മധുവും ലാൽജിയിൽ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ കുടിപ്പകയുടെ ഇരകളായി. കൊല്ലപ്പെട്ട ലാൽജിയുടെ സഹോദരനടക്കം മധുവധക്കേസിൽ പ്രതികളായിരുന്നു. എന്നാൽ മൂന്നു പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചപ്പോൾ പ്രേംജി അടക്കം മൂന്നുപേരെ വെറുതെ വിട്ടു.

കോൺഗ്രസിന്റെ അയ്യന്തോൾ മണ്ഡലം വൈസ് പ്രസിഡന്റും കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ലാ കൺവീനറുമായിരുന്നു ലാൽജി കൊള്ളന്നൂർ. അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്ര പരിസരത്തെ കുന്നമ്പത്ത് ലൈനിൽ വച്ചാണ് ലാൽജി കൊല്ലപ്പെട്ടത്. ലാൽജിയുടെ ബൈക്കിന് പിന്നാലെയെത്തിയ രണ്ടംഗസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. ബൈക്കിൽ നിന്നും താഴെ വീണ ലാൽജിയെ തലയിലും മുഖത്തുമായി നിരവധി തവണ അക്രമികൾ വെട്ടി. പത്തിലധികം മുറിവുകൾ തലയിൽ മാത്രം ഉണ്ടായിരുന്നു. തറവാട്ടുവീട്ടിലേക്ക് മാതാപിതാക്കളെ കാണാൻ പോകുമ്പോഴായിരുന്നു കൊലപാതകം.