കൊടുങ്ങല്ലൂർ : ആല ഗോതുരുത്തിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള കാലാവധി ജനുവരി 31 വരെ നീട്ടി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ ജനുവരി 8 നുള്ളിൽ പൈപ്പ് മുഖേനെയോ ടാങ്കർ ലോറി വഴിയോ കുടിവെള്ളം എത്തിക്കാൻ കേരള ജല അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇടയ്ക്ക് നിരവധി പ്രാവശ്യം ഉദ്യോഗസ്ഥരും ശ്രീനാരായണപുരം പഞ്ചായത്ത് അധികൃതരും ഗോതുരുത്ത് സന്ദർശിച്ച് വെള്ളം കിട്ടാത്ത വീടുകൾ കണ്ടെത്താൻ നടപടി എടുത്തിരുന്നു. എന്നാൽ 40 ഓളം വർഷം പഴക്കമുള്ള പൈപ്പുകൾ തകർന്നു പോയതുകൊണ്ട് കുടിവെള്ള വിതരണം എളുപ്പമല്ല. പുതിയ പൈപ്പ് ഇടുന്നതുവരെ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരായ പി.എ. സീതി മാസ്റ്റർ, ധർമ്മരാജൻ എന്നിവർ അഭിഭാഷകൻ ഷാനവാസ് കാട്ടകത്ത് മുഖേനെ പുതിയ ഉപഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. ഈ സാഹചര്യത്തിലാണ് ജനുവരി 31 വരെ കുടിവെളള വിതരണം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടത്.