
തൃശൂർ: സർക്കാർ ഗ്രാന്റ് ലഭിക്കുന്നതിലെ കാലതാമസംമൂലം കലാമണ്ഡലത്തിൽ വീണ്ടും ശമ്പള പ്രതിസന്ധി. നവംബർ, ഡിസംബർ മാസത്തെ ശമ്പളം കുടിശ്ശികയായി. ഒരു കൊല്ലത്തിലധികമായി ശമ്പളം കൃത്യമായി നൽകാറില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നാല് ഗഡുവായി കൊടുത്തിരുന്ന വാർഷിക ഗ്രാന്റ് ഇപ്പോൾ അഞ്ച് ഗഡുവാക്കി. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പി.എഫ്, ഇൻഷ്വറൻസ് തുക അടച്ചിട്ടില്ലെന്നാണ് വിവരം.
പ്രശ്‌നം രൂക്ഷമാകുമ്പോൾ സർക്കാർ അഡിഷണൽ ഗ്രാന്റ് നൽകി തത്കാലം പരിഹരിക്കും. ഇങ്ങനെ കിട്ടിയ 12 കോടി കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശമ്പളക്കുടിശ്ശിക തീർത്തു. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റി നർത്തകി മല്ലിക സാരാഭായ് ചുമതലയേറ്റതോടെ, വിദേശ സ്‌പോൺസർഷിപ്പിലൂടെയും മറ്റും പ്രതിസന്ധി തീർക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
മല്ലിക സാരാഭായിയെ നിയമിച്ചപ്പോൾ അധികച്ചെലവ് വരില്ലെന്നായിരുന്നു സർക്കാർ പറഞ്ഞത്. ലക്ഷങ്ങൾ ശമ്പളം വേണമെന്ന് അവർ ആവശ്യപ്പെട്ടത് വിവാദമായി.
ജീവനക്കാർ കൂടി,
ഗ്രാന്റ് കൂടിയില്ല
2007ൽ കലാമണ്ഡലത്തെ കൽപ്പിത സർവകലാശാലയാക്കിയപ്പോൾ യു.ജി.സി വിഭാഗത്തിൽ ഉൾപ്പെടെ ജീവനക്കാർ കൂടിയെങ്കിലും ഗ്രാന്റ് വർദ്ധിപ്പിച്ചില്ല. 111 ജീവനക്കാരുണ്ടായിരുന്നത് യു.ജി.സി ജീവനക്കാരും താല്ക്കാലിക ജീവനക്കാരും ഉൾപ്പെടെ 259 ആയി. സ്ഥിരം ജീവനക്കാരെ കണക്കാക്കിയാണ് ഗ്രാന്റ് നൽകുന്നത്. ഗ്രാന്റ് വർദ്ധിപ്പിക്കുകയും കലാമണ്ഡലത്തിന് പുറത്ത് അവതരിപ്പിക്കുന്ന പരിപാടികളുടെ എണ്ണം കൂട്ടി വരുമാനം വർദ്ധിപ്പിക്കുകയുമാണ് പോംവഴി. പരിപാടികളിലെ വരുമാനത്തിലെ പകുതി കലാമണ്ഡലത്തിനും ബാക്കി കലാകാരന്മാർക്കുമാണ്.
ഗ്രാന്റ് ഇരട്ടിവേണം
(2023-24)
ആകെ 7.75 കോടി
ലഭിച്ചത് 5.65 കോടി
വേണ്ടത് 14 കോടി
കുടിശ്ശിക ശമ്പളം നൽകാൻ നടപടി ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേത് ഉടൻ നൽകും.
ഡോ.അനന്തകൃഷ്ണൻ,
വൈസ് ചാൻസലർ.