
തൃശൂർ: എം.ടിയുടെ പ്രസംഗത്തെ പിണറായിയിലേക്കും മോദിയിലേക്കും ചുരുക്കുന്നില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഭരണകൂടങ്ങൾക്ക് മുകളിലാണ് എം.ടി.വാസുദേവൻ നായരുടെ സ്ഥാനം. ആദിത്യയോഗിയും സ്റ്റാലിനും പിണറായിയും ഉൾപ്പെടെ എല്ലാ അധികാരസ്ഥാനത്തുള്ളവർക്കും അദ്ദേഹത്തിന്റെ പ്രസംഗത്തെ വേണമെങ്കിൽ ആത്മപരിശോധനയ്ക്കായി ഉപയോഗിക്കാം.
സ്ത്രീകളുടെയും ദളിതരുടെയും ഭാഗത്തുനിന്നെല്ലാം ഭരണഘടനയെ വച്ചുകൊണ്ടുള്ള സംവാദങ്ങളുണ്ടാകുന്നുണ്ട്. എങ്കിലും സുകുമാർ അഴീക്കോടിന്റേതുപോലെ എം.ടിയുടെ പ്രസംഗം ഇത്രയും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പദവി കൊണ്ടാണ്. ജനപ്രതിനിധികൾ തങ്ങൾക്ക് കിട്ടിയ അവസരത്തെ സേവനത്തിനു പകരം അധികാര കേന്ദ്രീകരണത്തിന് ഉപയോഗിക്കുമ്പോൾ ജനാധിപത്യം നശിക്കുന്നു. അതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ജനസേവനത്തിനുള്ള അവസരം കുഴിവെട്ടി മൂടിയെന്ന് എം.ടി പറഞ്ഞത് വളരെ കൃത്യമാണ്. അതിൽ ജനങ്ങളുടെ ഉത്തരവാദിത്വം സൂചിപ്പിക്കാനാണ്, സ്വാതന്ത്ര്യം അധികാരികൾ നൽകുന്ന അപ്പക്കഷണമല്ലെന്ന് പറഞ്ഞത്. വ്യക്തിയുടെ തുല്യതയും സ്വാതന്ത്ര്യവുമെന്താണെന്നും അയാൾക്ക് എങ്ങനെയാണ് ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പ്രവർത്തിക്കാനാവുകയെന്നുമാണ് പ്രസംഗത്തിന്റെ കാതൽ. വ്യക്തികൾക്കെതിരെന്ന് വ്യാഖ്യാനിച്ച് ആ പ്രസംഗത്തിന്റെ അന്തഃസത്ത നശിപ്പിക്കുന്നത് കഷ്ടമാണ്. അതിനെ ചെറുക്കാൻ പൊതുജനത്തിന് കഴിയണം. അവർ ആരോഗ്യകരമായി പ്രതികരിച്ച് യാഥാർത്ഥ്യമെന്താണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. അതിൽ മാദ്ധ്യമപ്രവർത്തകർക്കും പങ്കുണ്ടെന്ന് സാറാജോസഫ് പറഞ്ഞു.