sakthan

തൃശൂർ : ശക്തൻ തമ്പുരാന്റെ കോവിലകവും തൃശൂരിന്റെ ചരിത്രത്തിലേക്കുള്ള ഈടുവയ്പ്പുമായ ശക്തൻ തമ്പുരാൻ മ്യൂസിയം നവീകരണത്തിനായി അടച്ചിട്ടിട്ട് ഒന്നര വർഷം. 2022 ആഗസ്റ്റിലാണ് നവീകരണത്തിന്റെ പേരിൽ മ്യൂസിയം സന്ദർശകർക്ക് അനുമതി നിഷേധിച്ച് അടച്ചിട്ടത്. എന്നാൽ നാളിതുവരെയായിട്ടും നവീകരണം പൂർത്തിയായിട്ടില്ല. പുരാവസ്തു വകുപ്പിന്റെ നിർദ്ദേശപ്രകാരം പഴമ നഷ്ടപ്പെടാത്ത വിധം നവീകരണം നടത്താനായിരുന്നു തീരുമാനം. ഇതുപ്രകാരം ഒരു കമ്പനിയെ കരാർ ഏൽപ്പിച്ചെങ്കിലും നിർദ്ദേശിച്ച രീതിയിൽ പ്രവർത്തനം നടക്കാഞ്ഞതിനാൽ അവരെ മാറ്റി. ഇതോടെ നവീകരണം താളം തെറ്റി.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് കേരള മ്യൂസിയമാണ് ഇപ്പോൾ നവീകരണം നടത്തുന്നത്. മെഗാലിത്തിക്ക് യുഗ ഗാലറി, വാതിലും ജനലും ഉൾപ്പെടെയുള്ള തടികൊണ്ടുള്ള ഫർണിച്ചറുകൾ, പൂന്തോട്ടവും ഗേറ്റും, ഓഫീസ്, ഗാർഡ് റൂമുകൾ, കൊട്ടാരത്തിന്റെ കോമ്പൗണ്ട് ഭിത്തി എന്നിവയെല്ലാം നവീകരിക്കുന്നുണ്ട്. എന്നാൽ ഒന്നര വർഷമായിട്ടും അമ്പത് ശതമാനത്തിലേറെ പ്രവർത്തനം മാത്രമാണ് പൂർത്തിയായത്. ആദ്യഘട്ട പെയിന്റിംഗ്, വയറിംഗ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാസങ്ങൾക്ക് മുമ്പ് തൃശൂരിലെത്തിയപ്പോൾ മ്യൂസിയത്തിന് പുറത്തുള്ള ശക്തൻ തമ്പുരാന്റെ സ്മൃതികൂടീരം നവീകരിക്കരിക്കാനായി ബി.ജെ.പിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ എം.പിയുടെ ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടി ആരംഭിച്ച് വരുന്നതേയുള്ളൂ.

സാമ്പത്തിക നഷ്ടവും

ഒന്നര വർഷത്തെ സീസൺ പൂർണമായി നഷ്ടപ്പെട്ടതോടെ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടായത്. വരാൻ പോകുന്ന മദ്ധ്യവേനലവധിക്ക് പോലും തുറന്നുകൊടുക്കാൻ സാധിക്കുമോയെന്ന ആശങ്കയുണ്ട്. എല്ലാക്കാലത്തും വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന പുരാവസ്തു ശേഖരമാണ് ഇവിടെ ഒരുക്കിയത്. നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കാനാവശ്യമായ ശക്തമായ ഇടപെടൽ നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ചരിത്ര വിദ്യാർത്ഥികളുടെ ഇഷ്ടഇടം

പുരാതന ചരിത്രസ്മരണകൾ ഉണർത്തുന്ന വ്യത്യസ്ത ഗാലറികൾ, ഒമ്പതാം നൂറ്റാണ്ട് മുതൽ 17ാം നൂറ്റാണ്ട് വരെയുള്ള കരിങ്കൽ പ്രതിമകൾ പ്രദർശിപ്പിക്കുന്ന ശിൽപ ഗാലറി എന്നിവ മ്യൂസിയത്തിലുണ്ട്. പരമ്പരാഗത നാലുകെട്ട് ശൈലിയിൽ നിർമ്മിച്ച ഈ രണ്ട് നില കെട്ടിടത്തിൽ ടിപ്പു സുൽത്താൻ ഉൾപ്പെടെയുള്ള മൈസൂരിലെ ഭരണാധികാരികളെക്കുറിച്ച് പരാമർശമുണ്ട്. അവർ വിവിധ കാലഘട്ടങ്ങളിൽ ഇവിടെ താമസിച്ചിരുന്നു. ശക്തൻ തമ്പുരാന്റെ അന്ത്യവിശ്രമസ്ഥലവും ഇതിനുള്ളിലാണ്.

പൂന്തോട്ടങ്ങളും കുട്ടികളുടെ കളിയിടവും പൂമ്പാറ്റകളുടെ പാർക്കും അപൂർവങ്ങളായ പച്ചമരുന്നുകൾ അടങ്ങിയ ഔഷധപ്പാർക്കും പതിനഞ്ചോളം മട്ടുപ്പാവുകളും എല്ലാം ഉൾപ്പെടെ ആറ് ഏക്കറിൽ വിസ്തൃതമാണ് ഈ മ്യൂസിയം. ഇതോട് ചേർന്നുകിടക്കുന്ന വടക്കേച്ചിറ കൂടിയാകുമ്പോൾ ആളുകൾക്ക് വിശ്രമിക്കാവുന്ന ശാന്തമായ ഒരിടം കൂടിയാണിത്. കേരളീയ വാസ്തുവിദ്യാ ശൈലിയിൽ 1795ൽ നിർമ്മിച്ച ഈ സ്ഥലം 2005ലാണ് മ്യൂസിയമാക്കിയത്.