
തൃശൂർ : നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനം 2024ൽ ആരംഭിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജൻ. ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ട പരിഹാര തുക വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2024 ആഗസ്റ്റിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നെടുപുഴ റെയിൽവേ മേൽപ്പാലം നിർമ്മാണ ആശയം 2017 ലാണ് ചർച്ച ചെയ്യുന്നത്. നിരവധി പ്രക്രിയകളിലൂടെ കടന്നുപോയി മേൽപ്പാലമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
കണിമംഗലം നെടുപുഴ റോഡിലാണ് നെടുപുഴ റെയിൽവേ മേൽപ്പാലം നിർമ്മിക്കുക. രണ്ടുവരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് അപ്പ്രോച്ച് ഉൾപ്പെടെ 590 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന് 7.5 മീറ്റർ ടാറിംഗ് വീതിയും ഒരു വശത്ത് കാൽനട യാത്രാ സൗകര്യവുമുണ്ടാകും. പദ്ധതി നടത്തിപ്പിനായി കിഫ്ബിയിൽ നിന്നും 31.04 കോടിയാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നെടുപുഴ ഗവ. വനിതാ പോളിടെക്‌നിക് ഹാളിൽ നടന്ന ചടങ്ങിൽ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. കളക്ടർ വി.ആർ.കൃഷ്ണതേജ, പി.കെ.ഷാജൻ, കൗൺസിലർമാരായ എ.ആർ.രാഹുൽനാഥ്, വിനേഷ് തയ്യിൽ, എ.ഡി.എം ടി.മുരളി, തഹസിൽദാർ ടി.ജി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.