കൊടുങ്ങല്ലൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സദസ്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടക്കാനിരിക്കെ നഗരം ഗതാഗതക്കുരുക്ക് മൂലം സ്തംഭനാവസ്ഥയിലാകും. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
നാഷണൽ ഹൈവേ നിർമ്മിക്കുമ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുബന്ധ റോഡ് ഉണ്ടാക്കിയതിന് ശേഷമേ പണി തുടങ്ങാവൂ എന്നിരിക്കെ അതൊന്നും പാലിക്കാതെയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നതെന്നാണ് ആരോപണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി.
മേത്തല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എം. ജോണി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.പി. സുനിൽകുമാർ, കെ.വി. ബാലചന്ദ്രൻ, കെ.എച്ച്. വിശ്വനാഥൻ, ഡിൽഷൻ കൊട്ടെക്കാട്ട്, ഇ.എ. അബ്ദുൾ കരീം, പി.എൻ. മോഹനൻ, സനിൽ സത്യൻ, ജോഷി ചക്കാമാട്ടിൽ എന്നിവർ പ്രസംഗിച്ചു.