1

വടക്കാഞ്ചേരി: ദക്ഷിണ മുകുരം എന്ന പേരിൽ ആദ്യ നാട്യ ശില്പശാലയ്ക്ക് വേദിയാകാൻ മായന്നൂർ തട്ടകം. ത്രിവേണി അക്കാദമി ഓഫ് നാട്യ ചെന്നൈയുടെ ആഭിമുഖ്യത്തിൽ 26,27,28 തീയതികളിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
നാട്യ കലയുടെ സർവ്വ വിജ്ഞാന കോശം എന്നറിയപ്പെടുന്നതും രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ളതുമായ നാട്യ ശാസ്ത്രത്തിന്റെ മുപ്പത്തിയാറ് അദ്ധ്യായങ്ങൾ, സിദ്ധാന്തവും പ്രയോഗവും വഴി പരിചയപ്പെടുന്ന ആദ്യ ശിൽപ്പശാലയാണ് ദക്ഷിണമുകുരം. മാർഗി ദേശി സമുന്നയം, ഹസ്ത പ്രകരണം, രസസൂത്ര വ്യാഖ്യാനം, ലോക ധർമ്മി നാട്യധർമ്മി, ദശരൂപകം, കരണങ്ങളും, അഗ്രഹാരങ്ങളും, അദ്ധ്യായ സംഗ്രഹം, ചാലി വിതാനം, നടന്റെ മന കായങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും. കഥകളി, കൂടിയാട്ടം, ഭരതനാട്യം എന്നീ കലാരൂപങ്ങളിൽ നാട്യ ശാസ്ത്രത്തിന്റെ സ്വാധീനം വിവരിക്കുന്ന ഡെമോൺ സ്‌ട്രേഷൻ ക്ലാസുകളും നടക്കും. പ്രശസ്ത നർത്തകി ഡോ. കലാമണ്ഡലം സുഗന്ധിയാണ് ശിൽപ്പശാലയുടെ ഡയറക്ടർ. ഡോ. സി.പി. ഉണ്ണിക്കൃഷ്ണൻ, ഡോ.സി.എം. നീലകണ്ഠൻ, ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ഡോ.കെ.പി. ശ്രീദേവി, ഡോ.അമ്മന്നൂർ രജനീഷ് ചാക്യാർ, ഡോ.സി.ആർ. സന്തോഷ്, ഡോ. പാഴൂർ ദാമോദരൻ, കലാമണ്ഡലം ഷണ്മുഖൻ, നിമേഷ് കെ. ശർമ്മ, കലാമണ്ഡലം മായാ വിനയൻ, ഡോ. രജിത രവി, ഗായത്രി പദ്മനാഭൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കുമെന്ന് ഓർഗനൈസർ ഡോ. എ.ആർ . ഗ്രാമപ്രകാശ് അറിയിച്ചു. അദ്ധ്യാപകരും, കലാകാരന്മാരുമായ ഇരുപത് പേരാണ് ശിൽപ്പശാലയിലെ അംഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 9995431033, 9444800199 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.