ചേലക്കര: വെങ്ങാനല്ലൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പനും വാവരും വെട്ടും തടവും ചടങ്ങ് കാവി വൽക്കരിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പുലിപ്പുറം വിളക്ക് സെറ്റ് ഭാരവാഹികൾ. പുലിപ്പുറം വിളക്ക് സെറ്റ് 60 വർഷമായി നടത്തിവരുന്ന ആചാരത്തിൽ 25 വർഷമായി ഉപയോഗിക്കുന്ന അതേ നിറത്തിലുള്ള വസ്ത്രങ്ങൾ തന്നെയാണ് ഇത്തവണയും ചടങ്ങിൽ അണിഞ്ഞിരിന്നത്. തിരിയുഴിച്ചിൽ എന്ന ചടങ്ങിന്റെ ഭാഗമായാണ് മുണ്ട് ഒഴിവാക്കി കാവി പാന്റ് ഉപയോഗിച്ചത്. പച്ചനിറത്തിലുള്ള വസ്ത്രവും തങ്ങൾക്കുണ്ട്. ഒന്നിടവിട്ട് ധരിച്ചാണ് കളി നടക്കാറുള്ളത്. പുലിപ്പുറം അയ്യപ്പക്ഷേത്രം, ഉണ്ണി സ്വാമിയുടെ ക്ഷേത്രം, കുട്ടാടൻ ക്ഷേത്രത്തിലെ വിളക്കിനോട് അനുബന്ധിച്ചും വർഷങ്ങളായി ഉപയോഗിക്കുന്ന വസ്ത്രം കാവി പാന്റാണ്. തങ്ങളുടെ വേഷം സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികൾക്ക് യാതൊരു അറിവില്ലാത്താതുമാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ക്ഷേത്രത്തിൽ നടത്തിയ ചടങ്ങ് കാവിവൽക്കരിച്ച് പരാമർശം ഉണ്ടായിട്ടുള്ളത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് വാർത്താ സമ്മേളനത്തിൽ പുലിപ്പുറം വിളക്ക് സെറ്റിന്റെ ആശാൻ പി.എൻ. രാജു അംഗങ്ങളായ കെ.യു. ഷാജി ശർമ,എം.യു. കൃഷ്ണൻകുട്ടി, ടി.എച്ച്. അരുൺ എന്നിവർ അറിയിച്ചു