കൊടകര: ഗവ.എൽ.പി. സ്‌കൂളിൽ കുസൃതിക്കൂടാരം എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. മുൻപഞ്ചായത്ത്പ്രസിഡന്റ് മിനി ദാസൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം.കെ. ഡെയ്‌നി, കെ.വി. ഗണേഷ് എന്നിവർ സംസാരിച്ചു. അമ്പതോളം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് നാല് സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിനുശേഷം പൂവും പൂന്തേനും എന്ന പേരിലുള്ള പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. പുത്തുക്കാവ് ജൈവവൈവിധ്യ പാർക്കും ജൈവകർഷകനായ സി.എം. ബബീഷിന്റെ തോട്ടവും കുട്ടികൾ സന്ദർശിച്ചു.
രണ്ടാം ദിവസമായ ഇന്ന് സാഹിത്യ സംവാദം അടങ്ങുന്ന ആദ്യ സെഷനോടു കൂടിയാണ് ആരംഭിക്കുന്നത്. തുടർന്ന് വളരെ വ്യത്യസ്തമായ രീതിയിലുള്ള പ്രകൃതി വിഭവങ്ങൾ കൊണ്ടുള്ള ചിത്രരചനാരീതിയും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കും. ക്യാമ്പ് ഇന്ന് വൈകിട്ട് സമാപിക്കും.