
കൊടുങ്ങല്ലൂർ: മനുഷ്യൻ മാനവികതയിൽ നിന്ന് രാക്ഷസീയതയിലേക്ക് മാറുന്നത് സങ്കടകരമാണെന്ന് അമരിപ്പാടം ഗുരുനാരായണ ആശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ തീർത്ഥ. അഴീക്കോട് മാർത്തോമ്മാ തീർത്ഥകേന്ദ്രത്തിൽ ഹാർമണി ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള മതസൗഹാർദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ സ്‌നേഹത്തിന്റെ സന്ദേശമാണ് സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടത്. കുടുംബങ്ങളിൽ ആ സ്‌നേഹം വളരണം. പുതുതലമുറയിൽ മാനവികത വളരണമെങ്കിൽ ഈ സംസ്‌കാരം വളർത്തണം. നയമറിയുന്ന നരൻ' എന്നാണ് ശ്രീനാരായണ ഗുരു മനുഷ്യനെക്കുറിച്ച് വിശേഷിപ്പിച്ചത്.
മനുഷ്യനിലെ നന്മയെ സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ചേരമാൻ ജുമാ മസ്ജിദ് ഖത്തീബ് ഡോ.സലീം നദ്‌വി മുഖ്യാതിഥിയായി. ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഫാ.തോംസൺ അറയ്ക്കൽ സി.എം.ഐ, ഫാ.സണ്ണി പുന്നേലിപ്പറമ്പിൽ സി.എം.ഐ, നൗഷാദ് കൈതവളപ്പിൽ എന്നിവർ പ്രസംഗിച്ചു.