
ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരിശോധന നടത്തി. ക്ഷേത്രവും പരിസരവും എസ്.പി.ജി നിയന്ത്രണത്തിലായി. എസ്.പി.ജി സ്‌പെഷ്യൽ സുരക്ഷാ ഓഫീസർ എ.ഐ.ജി. പവൻ കുമാർ, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ, ഗുരുവായൂർ അസി. കമ്മിഷണർ കെ.ജി.സുരേഷ്, ടെമ്പിൾ എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി എട്ടോടെ നടത്തിയ പരിശോധനയ്ക്ക് ശേഷം സംഘം ക്ഷേത്രപരിസരത്ത് ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ചചെയ്തു.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ഒരുക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഇന്ന് എസ്.പി.ജി സംഘം ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തും. രാവിലെ പത്തിന് പൂന്താനം ഓഡിറ്റോറിയത്തിലാണ് ഉന്നതതല യോഗം നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, തമിഴ്‌നാട്ടിലെയോ, കർണാടകത്തിലെയോ ഗവർണർമാരിൽ ആരെങ്കിലുമോ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയേക്കും. വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങി ഏതാനും കേന്ദ്രമന്ത്രിമാരും പങ്കെടുത്തേക്കും. പ്രധാനമന്ത്രി ദർശനം നടത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നവർക്ക് മാത്രമാണ് പ്രവേശനം. വിവാഹം നടക്കുന്ന ഹാളിലേക്കാകും പ്രധാനമന്ത്രി ഒഴികെയുള്ളവർ വരിക. പ്രധാനമന്ത്രിയുടെ സന്ദർശന ദിവസമാണ് ശബരിമല സീസൺ കഴിഞ്ഞുള്ള ഉദയാസ്തമന പൂജ ആരംഭം. രാവിലെ ആറിന് മുമ്പായി ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂർത്തിയാക്കും
പ്രധാനമന്ത്രിയുടെ യാത്രാ ഷെഡ്യൂൾ
17ന് രാവിലെ 6.30 ന് പ്രധാനമന്ത്രി കൊച്ചിയിൽ നിന്നും ഗുരുവായൂരിലേക്ക് പ്രത്യേക ഹെലികോപ്റ്ററിൽ പുറപ്പെടും
ഏഴിന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ എത്തും
കാർ മാർഗം ഗുരുവായൂരിലേക്ക്
7.15ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ
7.35ന് ഗസ്റ്റ് ഹൗസിൽ നിന്നും ക്ഷേത്രത്തിലേക്ക്
7.40 മുതൽ എട്ട് വരെ ക്ഷേത്രത്തിൽ ചെലവഴിക്കും
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും
9.10ന് തിരികെ ഗസ്റ്റ് ഹൗസിലേക്ക്
9.30ന് കാർമാർഗം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്ന് കൊച്ചിയിലേക്ക്
വിവാഹ സമയം
മാറ്റുന്നതിൽ വിവാദം
തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നതിന്റെ പേരിൽ ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങളുടെ സമയം മാറ്റുന്നതിനെ ചൊല്ലി വിവാദം. 17ന് രാവിലെ ആറിനും ഒമ്പതിനും ഇടയിൽ നടക്കേണ്ടിയിരുന്ന വിവാഹങ്ങളുടെ സമയമാണ് മാറ്റുക. മോദി പങ്കെടുക്കുന്ന ഒരു വിവാഹത്തിന്റെ പേരിൽ പത്തോളം വിവാഹങ്ങളുടെ സമയം മാറ്റിയതാണ് വിമർശനത്തിന് ഇടയാക്കിയത്. രാവിലെ ആറ് മുതൽ ഒമ്പത് വരെതുലാഭാരവും കുട്ടികളുടെ ചോറൂണും നടക്കില്ല. ദർശനവും അനുവദിക്കില്ല. സമയംമാറ്റിയത് അടക്കം 48 വിവാഹങ്ങൾ പുലർച്ചെ അഞ്ചിനും ആറിനും മദ്ധ്യേ നടത്തും. വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഗുരുവായൂരിൽ മുഹൂർത്ത പ്രകാരമല്ല, ദേവസ്വം നൽകുന്ന സമയത്താണ് വിവാഹം. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം അന്നത്തെ വിവാഹങ്ങൾ മാറ്റി വച്ചെന്നും പ്രചാരണമുണ്ട്. എന്നാൽ വിവാഹങ്ങൾക്ക് സമയമില്ലെന്നും സന്ദർശന സമയത്തിൽ നിയന്ത്രണം മാത്രമാണെന്നും ബി.ജെ.പി ക്യാമ്പുകളിലെ വിശദീകരണം.പ്രധാനമന്ത്രിയെത്തുന്നതിനാൽ ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചില വിവാഹങ്ങളുടെ സമയത്തിൽ ക്രമീകരണം വേണ്ടി വരുമെന്ന് ദേവ സ്വം ചെയർമാൻ ഡോ.വി.കെ.വിജയനും പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം വിവാഹങ്ങൾ മാറ്റിവച്ചിട്ടില്ല. എല്ലാ വിവാഹങ്ങളും നടത്തും. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കെ.പി.വിനയൻ
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ.