news-photo-

ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരിശോധന നടത്തി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സ്‌പെഷ്യൽ സുരക്ഷാ ഓഫീസർ എ.ഐ.ജി.പവൻ കുമാർ, ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ, ഗുരുവായൂർ അസി. പൊലീസ് കമ്മിഷണർ കെ.ജി.സുരേഷ്, ടെമ്പിൾ പൊലീസ് എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന നടത്തിയ സംഘം ക്ഷേത്ര പരിസരത്ത് ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ഒരുക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഇന്ന് എസ്.പി.ജി സംഘം ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തും. രാവിലെ പത്തിന് പൂന്താനം ഓഡിറ്റോറിയത്തിലാണ് ഉന്നതതല യോഗം നടക്കുന്നത്.

ദേവസ്വത്തിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന വിവാഹങ്ങളുടെ സമയത്തിൽ വരുത്തേണ്ട ക്രമീകരണങ്ങളും യോഗത്തിൽ തീരുമാനമാകും.

പ്രധാനമന്ത്രിയുടെ യാത്രാ ഷെഡ്യൂൾ

17ന് രാവിലെ 6.30 ന് പ്രധാനമന്ത്രി കൊച്ചിയിൽ നിന്നും ഗുരുവായൂരിലേക്ക് പ്രത്യേക ഹെലികോപ്റ്ററിൽ പുറപ്പെടും

ഏഴിന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ എത്തും

കാർ മാർഗം ഗുരുവായൂരിലേയ്ക്ക്

7.15ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ

7.35ന് ഗസ്റ്റ് ഹൗസിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക്

7.40 മുതൽ എട്ട് വരെ ക്ഷേത്രത്തിൽ ചെലവഴിക്കും

ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും.

9.10 ന് ഗസ്റ്റ് ഹൗസിലേക്ക്

9.30ന് കാർമാർഗം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ

9.45ന് അവിടെ നിന്നും കൊച്ചിയിലേയ്ക്ക്