
തൃശൂർ: ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരിസ്ഥിതിക്ക് ഗുരുതരമായി ദോഷം ചെയ്യുന്ന ഇ മാലിന്യമായി മാറുന്ന സാഹചര്യത്തിൽ, അവയെ അതിവേഗം നീക്കാൻ ക്‌ളീൻ കേരള. ജില്ലയിലെ സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ മാലിന്യവും പുനരുപയോഗ സാദ്ധ്യതയില്ലാത്ത മാലിന്യവും നീക്കം ചെയ്യാനുള്ള തീവ്രശ്രമം ആരംഭിച്ചു. ഇത് ജില്ലാതല ആർ.ആർ.എഫിലെത്തിച്ച് തരം തിരിക്കും. അതിനുശേഷം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം നേടിയ ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കയറ്റി വിടും. അതേസമയം, കൂടുതൽ മാലിന്യം ശേഖരിക്കാൻ ക്‌ളീൻ കേരള കമ്പനി പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും നാല് ഭാഗങ്ങളാക്കി തിരിച്ച് സംഭരണ കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടി വേഗത്തിലാക്കി. തരംതിരിച്ച പാഴ് വസ്തുക്കളും പുനരുപയോഗ സാദ്ധ്യതയില്ലാത്ത പാഴ് വസ്തുക്കളും സർക്കാർ കലണ്ടർ അനുസരിച്ചിട്ടുള്ളതുമായ മാലിന്യമാണ് നീക്കുന്നത്. ഡിസംബറിൽ കുപ്പിച്ചില്ല് വ്യാപകമായി ശേഖരിച്ചിരുന്നു. ഇതെല്ലാം ജില്ലാതല ആർ.ആർ.എഫിലെത്തിച്ച് കമ്പനികൾക്ക് കൈമാറും.
വരുന്നൂ ഗോഡൗണുകൾ
മാലിന്യശേഖരണം വേഗത്തിലാക്കാൻ ജില്ലയിൽ പലയിടങ്ങളിലും ഗോഡൗൺ എടുക്കാനും ക്‌ളീൻ കേരള കമ്പനി ശ്രമം തുടങ്ങി. നിലവിൽ നൂറുശതമാനം വാതിൽപ്പടി ശേഖരണം കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. നിഷ്‌ക്രിയ മാലിന്യങ്ങൾ സിമന്റ് ഫാക്ടറിയിലേക്ക് കൂടുതലായി കൈമാറുന്നുണ്ട്. ഇതെല്ലാം ക്‌ളീൻ കേരളയുടെ കർശന നിരീക്ഷണത്തിലാണ്.
ആർ.ആർ.എഫിൽ പൊതുവായി ശേഖരണം
മുണ്ടൂരിലെ വേളക്കോട് വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഗ്രീൻ പാർക്കിൽ അജൈവ വസ്തുക്കൾ നേരിട്ട് സംഭരിക്കുന്ന കേന്ദ്രമായ
ആർ.ആർ.എഫിൽ പൊതു ശേഖരണ കേന്ദ്രം തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെയും ക്‌ളീൻ കേരള കമ്പനിയുടെയും സംയുക്ത സംരംഭമായ ഗ്രീൻ പാർക്കിൽ അജൈവ വസ്തുക്കൾ നേരിട്ട് സംഭരിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽ.എസ്.ജി.ഡി സ്‌പെഷ്യൽ സെക്രട്ടറി കെ.മുഹമ്മദ് വൈ സഫീറുള്ള നിർവഹിച്ചു. പൊതു ഇടങ്ങൾ വൃത്തിയായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശേഖരിക്കുന്ന പാഴ് വസ്തുക്കളായ പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കവർ, മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ ഇവിടെ നേരിട്ട് സ്വീകരിക്കും. പൊതുജനങ്ങൾക്ക് നേരിട്ട് പാഴ് വസ്തുക്കൾ ജില്ല റിസോഴ്സ് സെന്ററിൽ എത്തിക്കാനാകും. പ്രവൃത്തി സമയങ്ങളിലാണ് പാഴ് വസ്തുക്കൾ നേരിട്ട് കൈമാറാനാകുക. നിലവിൽ കൈപ്പറമ്പ് പഞ്ചായത്തിലെ പതിമൂന്നോളം ആളുകൾ സെന്ററിൽ ജോലി ചെയ്യുന്നുണ്ട്. പ്രതിദിനം ഏഴ് ടണ്ണോളം അജൈവ മാലിന്യം സംഭരിക്കുകയും അത്രത്തോളം റീ സൈക്കിൾ ചെയ്യുന്നുമുണ്ട്.
ഇ മാലിന്യങ്ങൾ
കമ്പ്യൂട്ടർ
ലാപ്‌ടോപ്പ്
ടാബ്‌ലെറ്റ്
മൊബൈൽ
ബൾബ്
പ്രിന്റർ
ഫ്രിഡ്ജ്
ബാറ്ററി
നവംബറിലും ഡിസംബറിലും കൈമാറിയ തരംതിരിച്ച പ്‌ളാസ്റ്റിക്കുകൾ: 255 ടൺ
പുനരുപയോഗസാദ്ധ്യതയില്ലാത്തത്: 410 ടൺ
കുപ്പിച്ചില്ല് : അമ്പത് ടൺ
ഏപ്രിൽ നവംബറിൽ നീക്കിയ അജൈവമാലിന്യം : 3048 ടൺ
അജൈവമാലിന്യ ശേഖരണത്തിലുണ്ടായ മുന്നേറ്റത്തിന്റെ തുടർച്ചയായാണ് ഇ മാലിന്യ ശേഖരണവും വ്യാപകമാക്കുന്നത്.
ശംഭു ഭാസ്‌കർ
ജില്ലാ മാനേജർ, ക്ലീൻ കേരള കമ്പനി